Site iconSite icon Janayugom Online

പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി മരിച്ച നിലയില്‍

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകൾ രേഖ(43) എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ രണ്ടാമത്തെ ഭർത്താവായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറായിരുന്നു ഈ കൊലപാതകങ്ങൾക്ക് പിന്നിൽ. പ്രേംകുമാർ നേരത്തെയും ഒരു കൊലക്കേസിൽ പ്രതിയായിരുന്നു. മുൻ ഭാര്യ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ തള്ളിയ കേസിൽ ജയിൽവാസം അനുഭവിച്ചതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ. അതിനുശേഷമാണ് രേഖയെ വിവാഹം കഴിച്ചത്.

ജൂൺ മൂന്നിനാണ് രേഖയെയും മാതാവ് രമണിയെയും പ്രേംകുമാർ കൊലപ്പെടുത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുരുഷ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചുകൊണ്ട് ഒരു കുറിപ്പും മൃതദേഹത്തിനടുത്തുണ്ടായിരുന്നു. വാടകവീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്.

Exit mobile version