Site iconSite icon Janayugom Online

സംഗീതത്തെ ഹൃദയത്തിലേറ്റി പട്ടം സനിത്ത്

ഹൃദ്യമായ സ്വരമാധുര്യത്താല്‍ ആസ്വാദക മനസില്‍ തന്റേതായ ഇടമൊരുക്കുകയാണ് പട്ടം സനിത്ത്. തലസ്ഥാനത്തെ പ്രമുഖ ബാങ്കിലെ മാനേജറായ സനിത്ത് ജോലിത്തിരക്കുകള്‍ക്കിടയിലെ ഒഴിവ് വേളകളില്‍ സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയാണ് ആസ്വാദകര്‍ക്ക് മുന്നില്‍ പാട്ടിന്റെ പാലാഴി ഒരുക്കുന്നത്. സ്വദേശത്തും വിദേശത്തുമായി രണ്ടായിരത്തി അഞ്ഞൂറിലധികം വേദികളിൽ ഗാനമേളകൾ സനിത്ത് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. ചലച്ചിത്ര പിന്നണിഗാനരംഗത്ത് ഉള്‍പ്പെടെ സജീവ സാന്നിധ്യമായ അദ്ദേഹം 11 ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് തന്റെ ശബ്ദമാധുര്യം പകര്‍ന്നു.

“ലൗ ലാൻഡ്”, ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ സനിത്തിന് പ്രേക്ഷക ഹൃദയങ്ങളില്‍ പ്രത്യേക ഇടം ഒരുക്കി നല്‍കി. സംഗീതമേഖലയിലെ അതികായനായ ജി ദേവരാജൻ മാസ്റ്ററുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളാണ് സനിത്ത്. ആ ദൃഢബന്ധം തന്റെ സംഗീത ജീവിതത്തില്‍ വലിയ വഴിത്തിരിവായി തീര്‍ന്നുവെന്ന് സനിത്ത് പറയുന്നു. സ്കൂള്‍ കലോത്സവ വേദികളിലും മിന്നുന്ന താരമായിരുന്നു സനിത്ത്. 1989 ൽ മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഒഎൻവി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം ഗാനങ്ങളാണ് ഈ ഗായകന്‍ ആലപിച്ചിരിക്കുന്നത്. അവയില്‍ ലളിതഗാനങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍, ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ഭക്തിഗാനങ്ങള്‍, വിപ്ലവ ഗാനങ്ങള്‍ എന്നിവയുടെ വലിയ ഒരു ശേഖരം ഉള്‍പ്പെടുന്നു. ഒഎൻവി കുറുപ്പ് രചിച്ച് ജി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ ആൽബങ്ങളില്‍ പാടുവാന്‍ സാധിച്ചത് സംഗീത ജീവിതത്തിലെ അസുലഭ സൗഭാഗ്യമായാണ് സനിത്ത് കരുതുന്നത്.

2014ൽ ശങ്കർ മഹാദേവൻ അക്കാദമി അ ഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സനിത്തിന്റെ ആലാപനത്തെക്കുറിച്ച് ജൂറി പ്രത്യേക പരാമര്‍ശം നല്‍കുകയും വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. 2015ൽ മികച്ച ഗായകനുള്ള ലയൺസ് ഇന്റർനാഷണൽ പുരസ്കാരം, 2018 ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡ് (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസിന്റെയുള്ളിൽ നിന്ന്…), 2022 ‑ലെ ബോധി പുരസ്കാരം (സംഗീതത്തിനു നല്കിയ മികച്ച സംഭാവനയ്‌ക്ക്) എന്നിവ സനിത്തിനെ തേടിയെത്തി. ആകാശവാണി,ദൂരദർശൻ എന്നിവയിലുള്‍പ്പെടെ സംഗീത പരിപാടികളില്‍ സനിത്ത് നിറസാന്നിധ്യമാണ്. പരിസ്ഥിതി-ജീവകാരുണ്യ‑ലഹരിവിരുദ്ധ രംഗത്ത് ജനങ്ങള്‍ക്ക് അവബോധം നല്‍കി തന്റെ ഗാനങ്ങളിലൂടെ ബോധവല്‍ക്കരിക്കുന്നതിനും ഈ ഗായകൻ സമയം കണ്ടെത്തുന്നു.

Eng­lish Sam­mury: pat­tam sanith’s sto­ry, music his heart

Exit mobile version