Site icon Janayugom Online

കാസർകോട് ജില്ലയില്‍ 1321 പേർകൂടി ഭൂമിയുടെ അവകാശികളായി

സംസ്ഥാ സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പട്ടയവിതരണമേളയില്‍ ജില്ലയിൽ 1321 പേർകൂടി ഭൂമിയുടെ അവകാശികളായി. മഞ്ചേശ്വരം, ഹൊസ്ദുർഗ്, കാസർകോട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടന്ന പട്ടയ മേള റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് താലൂക്കില്‍ 47 കേരള ഭൂമി പതിവ് പട്ടയങ്ങളും, 60 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും കൈമാറി. മഞ്ചേശ്വരം താലൂക്കില്‍ 58 കേരള ഭൂമി പതിവ് പട്ടയങ്ങളും, 40 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും കൈമാറി.
ഹോസ്ദുര്‍ഗ് താലൂക്കിൽ 867 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. ഇതിൽ 99 കേരള ഭൂമി പതിവ് പട്ടയങ്ങളും, 636 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഉൾപ്പെടും. വെള്ളരിക്കുണ്ട് താലൂക്കില്‍ 65 കേരള ഭൂമി പതിവ് പട്ടയങ്ങളും ‚151 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു.

യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ രാജന്‍
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ കൃത്യമായ പരിപാടികളുമായാണ് റവന്യു വകുപ്പ് മുന്നോട്ട് പോകുന്നതെന്നും ഇതിനായി എല്ലാ സംവിധാനവും പ്രയോജനപ്പെടുത്തുമെന്നും റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഹൊസ്ദുര്‍ഗ് താലൂക്ക് പട്ടയമേളയും ഇ ഓഫീസ് പ്രഖ്യാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും ഭൂമിയെന്നത് വളരെ പ്രധാനപ്പെട്ട മനുഷ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ലോകത്തില്‍ കേരളം ഒരു മോഡലായി അവതരിപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ സമാനതകളില്ലാത്ത വികസനവും ഭൂപരിഷ്‌കരണ നിയമമടക്കമുള്ള നടപടികളും കാരണമാണ്. ഭൂപരിഷ്‌കരണ നിയമം 50 വര്‍ഷം പിന്നിടുന്ന വേളയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. ഭൂമി കൈവശം വച്ചവര്‍ക്ക് മാത്രമല്ല; ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത മുഴുവന്‍ സാധാരണ ജനങ്ങള്‍ക്കും ഭൂമി കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇ.ചന്ദ്രശേഖരന്‍ റവന്യു മന്ത്രിയായ കാലത്ത് 1.77 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞത് ചരിത്രമാണ്. മറ്റു വകുപ്പുകളില്‍ പെടുന്ന ഭൂമി കൂടി റവന്യു ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി അര്‍ഹര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. 16ന് യൂണിക് തണ്ടപ്പേര്‍ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. റവന്യു വകുപ്പിന്റെ വേഗത വര്‍ധിപ്പിക്കാനും സുതാര്യമാക്കാനും ഉള്ള വഴി ഡിജിറ്റലൈസേഷനാണ്. അടുത്ത നാലുവര്‍ഷം കൊണ്ട് റവന്യു വകുപ്പിനെ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബങ്കളം പി കുഞ്ഞികൃഷ്ണന്‍, ഖാലിദ് കൊളവയല്‍, ജോര്‍ജ് പൈനാപ്പള്ളി, പി.കെ.അബ്ദുള്‍ റഹ്മാന്‍, എ. കുഞ്ഞമ്പാടി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, വി.കെ.രമേശന്‍, പി.പി.അടിയോടി തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ സ്വാഗതവും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മണിരാജ് നന്ദിയും പറഞ്ഞു.

ഹൊസ്ദുര്‍ഗ് പട്ടയമേളയുടെ വിതരണം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

ഭൂമിയില്ലാത്ത പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കും: മന്ത്രി കെ രാജന്‍
ഭൂമി കൈവശം വെച്ചവര്‍ക്ക് മാത്രമല്ല തണ്ടപ്പേരിന് പോലും അവകാശം ലഭ്യമാകാത്ത മുഴുവന്‍ സാധാരണ ജനങ്ങള്‍ക്കും ഭൂമി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ പട്ടയവിതരണ മേളയും ഇ ഓഫീസുകളും മന്ത്രി ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ്, കാസര്‍കോട് താലൂക്ക് ഓഫീസ് എന്നീ ഓഫീസുകള്‍ ഇ- ഓഫീസ് ആയി മന്ത്രി കെ രാജന്‍ പ്രഖ്യാപിച്ചു.
എകെഎം അഷ്റഫ് എംഎല്‍എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, ചെങ്കള ഗ്രാമ പഞ്ചായത്തംഗം പി ഖദീജ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി രാജന്‍ , കുര്യാക്കോസ് പ്ലാപ്പറമ്പില്‍ , മുഹമ്മദ് കുഞ്ഞി കുട്ടിയാനം, സണ്ണി അരമന, മൂസ ബി ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും കാസര്‍കോട് ആര്‍ഡിഒ അതുല്‍ എസ് നാഥ് നന്ദിയും പറഞ്ഞു.

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; മോഹനനും ഓമനയ്ക്കും ഇത് സന്തോഷ നിമിഷം
കോളിയടുക്കത്തെ മോഹനനും ഓമനയ്ക്കും പട്ടയമേളയില്‍ മോഹ സാഫല്യം. ഇവരുടെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് കാസര്‍കോട് താലൂക്ക് പട്ടയമേളയില്‍ പൂവണിഞ്ഞത്. സ്വന്തമായി വീട് പണിഞ്ഞെങ്കിലും ആ 10 സെന്റ് ഭൂമി സ്വന്തം പേരില്‍ പതിച്ചു കിട്ടിയ സന്തോഷം പങ്കുവെക്കുകയാണിവര്‍. ചെത്ത് തൊഴിലാളിയായ മോഹനന് ആറ് വര്‍ഷം മുന്‍പ് ജോലിക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ഉപജീവനമാര്‍ഗ്ഗം നഷ്ടമായി. നിലവില്‍ കോളിയടുക്കം ടൗണില്‍ തട്ട് കട നടത്തി വരികയാണ് ഈ അറുപത്തിമൂന്നുകാരന്‍. കാലങ്ങളായുള്ള അലച്ചിലിനൊടുവില്‍ പട്ടയം ലഭിച്ചപ്പോള്‍ ഹൃദയം നിറഞ്ഞ് സര്‍ക്കാറിന് നന്ദി പറയുകയാണ് ഈ കുടുംബം.

മോഹനനും ഓമനയും പട്ടയമേളയില്‍.

മാണിക്കത്തിന് ആശിച്ച ഭൂമിയായി
പൂടങ്കല്ല് എടക്കടവ് കോളനിയിലെ മാണിക്കത്തിന് കാസര്‍കോട് താലൂക്കില്‍ 25 സെന്റ് ഭൂമി ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ സ്വന്തമായി. 2015ല്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഇവര്‍ക്ക് ഭൂമി ലഭിച്ചത്. വൈകിലഭിച്ച അവകാശപത്രത്തെ മുറുകെ പിടിച്ച് നിറഞ്ഞ മനസ്സോടെ മാണിക്കം സര്‍ക്കാറിന് നന്ദി പറഞ്ഞു. മരിക്കുന്നതുവരെ എനിക്ക് ഭൂമിയായെന്നും പറഞ്ഞ് സ്വന്തമായി ഒരു തുണ്ട് ഭൂമി കിട്ടിയ സന്തോഷത്തില്‍ നിറഞ്ഞ ചിരിയോടെയാണ് ഈ അറുപത്തഞ്ചുകാരി മേള വിട്ടിറങ്ങിയത്.

എടക്കടവ് കോളനിയിലെ മാണിക്കം പട്ടയമേളയിൽ

Exit mobile version