Site icon Janayugom Online

പട്ടം താണുപിള്ളയും കുഴിനഖരോഗിയും

തിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. തിരുവിതാംകൂറിന്റെയും തിരു-കൊച്ചിയുടെയും കേരളത്തിന്റെയും മുഖ്യമന്ത്രിയായി വാണരുളിയ ഒരേ ഒരാളേ ചരിത്രത്തിലുള്ളു, പട്ടം താണുപിള്ള. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും ഒരു വിശ്രമം നല്‍കാന്‍ നാടുവാഴുന്ന കോണ്‍ഗ്രസ് തീരുമാനിച്ചു. അങ്ങനെ മുണ്ടും ജൂബയും മേല്‍മുണ്ടുമെല്ലാമുപേക്ഷിച്ച് പാളത്താറും കോട്ടും കുപ്പായവുമൊക്കെയായി അദ്ദേഹം പഞ്ചാബ് ഗവര്‍ണറായി ചണ്ഡീഗഢിലെ രാജ്ഭവനില്‍ വിശ്രമജീവിതമാരംഭിച്ചു. ഗവര്‍ണര്‍ പദവി അന്നും ഇന്നും രാഷ്ട്രീയക്കാര്‍ക്കുള്ള വിശ്രമകാല കസേരയും കട്ടിലുമാണല്ലോ. കുറേക്കാലം കഴിഞ്ഞപ്പോള്‍ പട്ടത്തെ ആന്ധ്രാപ്രദേശ് ഗവര്‍ണറാക്കി. അന്ന് തെലങ്കാനയും ആന്ധ്രയുമൊന്നുമില്ല, വിശാലാന്ധ്ര. പക്ഷെ ഹെെദരാബാദ് രാജ്‌ഭവനിലെത്തിയപ്പോഴും പട്ടത്തിന്റെ അധികാരഗര്‍വിന് ഒരു കുറവുമുണ്ടായില്ല. നമ്മുടെ പ്രിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിലൂടെ ആ അധികാരഹുങ്ക് ഇന്നും രാജ്ഭവനുകളില്‍ കുടികിടപ്പാണെന്ന കാര്യം വേറെ. പട്ടം ആന്ധ്രാ ഗവര്‍ണറായിരിക്കെ റോസയ്യയായിരുന്നു മുഖ്യമന്ത്രി. ഗവര്‍ണറായി ചാര്‍ജെടുത്തശേഷം ആദ്യമായി അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നു മുഖ്യമന്ത്രി റോസയ്യ. പട്ടത്തിന്റെ ഭാഷയില്‍ സന്ദര്‍ശനമല്ല മുഖം കാണിക്കല്‍. റോസയ്യ എത്തുംമുമ്പ് ഒരു കസേര മാത്രം രാജ്ഭവന്റെ മുറ്റത്തെ പുല്‍ത്തകിടിയിലിടാന്‍ ഗവര്‍ണറുടെ കല്പന. അപ്പോള്‍ മുഖ്യമന്ത്രി വരുമ്പോള്‍ ഇരിക്കാന്‍ കസേര വേണ്ടേ എന്ന് പരിചാരകന്റെ സംശയം ‘താന്‍ തോക്കില്‍ കയറി വെടിവയ്ക്കണ്ട. പറഞ്ഞത് ചെയ്താല്‍ മതി’ എന്ന് പട്ടത്തിന്റെ ശകാരം. പുല്‍ത്തകിടിയിലെ സിംഹാസനത്തില്‍ ഗവര്‍ണര്‍ പട്ടം ഇരുന്നു. മുഖം കാണിക്കാനെത്തിയ മുഖ്യമന്ത്രി റോസയ്യ, വന്ന കാലില്‍ത്തന്നെ നിന്നു. അഹങ്കാരത്തിന് ഇതിനപ്പുറം ഒരു ദൃശ്യം വേണോ.


ഇതുകൂടി വായിക്കൂ: ചൊല്‍പ്പടി ഗോപിക്ക് അവധി നല്‍കണം!


ഇത്രയും പറഞ്ഞുവന്നത് നമ്മുടെ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധികാരഹുങ്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോഴാണ്. ഇന്ത്യന്‍ ഭരണസേവകന്‍ എന്ന ഐഎഎസ് ബിരുദമുള്ള ജഗജില്ലി. പക്ഷെ ജനത്തിന്റെ കാശുകൊണ്ട് ശമ്പളം വാങ്ങുന്ന മേപ്പടിയാന്‍ തനി ജനവിരുദ്ധന്‍. തന്നെ സന്ദര്‍ശിക്കാനെത്തുന്ന പാവം ജനങ്ങള്‍ നിന്നുകൊണ്ടുമാത്രമേ നിവേദനം നല്‍കാവൂ, ഇരിക്കാന്‍പോലും പറയില്ല. തന്റെ ഫ്യൂഡല്‍ മനോഭാവം കളക്ടര്‍ ഏമാന്‍ കഴിഞ്ഞ ദിവസം പുറത്തെടുത്തു. തനിക്ക് കുഴിനഖമാണെന്നും ഉടന്‍ ഒരു ഡോക്ടറെ അയയ്ക്കണമെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കല്പന പായുന്നു. നൂറുകണക്കിന് രോഗികള്‍ ക്യൂവില്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു ഡോക്ടര്‍ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് കുതിക്കുന്നു. നഖം പരിശോധിച്ച് മരുന്ന് വച്ചുകെട്ടിയിട്ട് ഡോക്ടര്‍ പറഞ്ഞത്രേ; ‘സര്‍ വല്ലപ്പോഴും നഖങ്ങളും അഴുക്കുകയറി കൂമ്പാരമാവാതെ നോക്കണം.’ രോഗികള്‍ ചികിത്സ കാത്ത് പൊരിവെയിലിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഡോക്ടറെ വിളിച്ചുവരുത്തിയ കളക്ടര്‍ സാറിനെതിരെ രോഷം പുകഞ്ഞതോടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലുള്‍പ്പെടെയുള്ളവരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതേക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ മറുപടി പറഞ്ഞതിന് ജയശ്ചന്ദ്രന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് റവന്യു ചീഫ് സെക്രട്ടറിയുടെ ഇണ്ടാസും. ജയശ്ചന്ദ്രന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവത്രെ. നിലപാട് പറയുന്നതില്‍ എവിടെയാണ് പെരുമാറ്റച്ചട്ട ലംഘനം. ഈ കളക്ടറും റവന്യു സെക്രട്ടറിയും മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന അന്തരിച്ച മഹാപ്രതിഭയായ ഐഎഎസുകാരനെ ഓര്‍ക്കണം. നിവേദനവുമായി തന്നെ കാണാനെത്തുന്നവര്‍ക്ക് അദ്ദേഹം ചായയും ബിസ്കറ്റും നല്‍കി സല്‍ക്കരിക്കുമായിരുന്നു. സാഹിത്യ സാര്‍വഭൗമനായിരുന്ന മലയാറ്റൂരെവിടെ ജെറോമിക് ഏമാനെവിടെ.


ഇതുകൂടി വായിക്കൂ: കുക്കുടു സായിപ്പും രാജീവ് ചന്ദ്രശേഖറും!


നമ്മുടെ പ്രധാനമന്ത്രി മോഡിയെ സംഘികള്‍ പ്രധാനമന്ത്രിയെന്നേ വിളിക്കാറില്ല. പ്രധാനമന്ത്രി അവര്‍ക്ക് പ്രധാന സേവകന്‍ ആണ്. രാഷ്ട്രത്തിന്റെ ഈ പ്രധാന സേവകന്‍ അവകാശപ്പെടുന്നത് താന്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ എന്നാണ്. പക്ഷേ ഈ സേവകനാകട്ടെ ലോകത്ത് ഒരു രാഷ്ട്രത്തലവനുമില്ലാത്ത നക്ഷത്ര ആഡംബരങ്ങളില്‍ കുളിച്ചുനില്‍ക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ആഡംബരവിമാനത്തിന് വില 2,710 കോടി. അദ്ദേഹം സഞ്ചരിക്കുന്ന കാറിനുമുണ്ട് 12.5 കോടി. പേനകളുടെ വന്‍ ശേഖരമുള്ള മോഡി പ്രധാന ഫയലുകളില്‍ ഒപ്പിടുന്ന പേനയുടെ വില 1.5 ലക്ഷം. വജ്രവും പ്ലാറ്റിനവും പതിപ്പിച്ച നാല് മോതിരങ്ങളുടെ വില 2.23 കോടി. അര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ വിലയുള്ള 200 കോട്ടുകള്‍ മാറിമാറി ധരിക്കുന്നു. 1.3 ലക്ഷം മുതല്‍ വിലയുള്ള 400 വാച്ചുകളും മോഡിക്ക് സ്വന്തം. പ്രധാന സേവകന്റെ ഷര്‍ട്ടുകളും പെെജാമയും മുതല്‍ അടിവസ്ത്രങ്ങള്‍ വരെ ഡിസെെന്‍ ചെയ്തിരിക്കുന്നത് ബോളിവുഡ് നടന്മാര്‍ക്ക് വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്ന വിശ്വോത്തര ഫാഷന്‍ കമ്പനികള്‍. കണ്ണടകളുടെ ശേഖരത്തിനും വില ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍. ഇതൊക്കെയാണെങ്കിലും പ്രധാന സേവകന്‍ പറയുന്നത് തന്റെ ആകെ സമ്പാദ്യം 2.23 കോടി രൂപ മാത്രമെന്ന്.


ഇതുകൂടി വായിക്കൂ: ബുദ്ധിഭ്രമമുള്ളവരെ തട്ടിക്കൊണ്ടുപോകുന്നു


മലയാളിക്ക് വിദ്യാഭ്യാസമുണ്ട്, പക്ഷേ വിവരമില്ല. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ ജൂവലറികളിലെ ജനസഞ്ചയം അത് തെളിയിക്കുന്നു. രാവിലെ മുതല്‍ അര്‍ധരാത്രിവരെ സ്വര്‍ണം വാങ്ങാനെത്തിയവരുടെ വന്‍തിരക്കായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കടന്നുപോയ അക്ഷയതൃതീയ ദിനത്തില്‍ 15,000 കോടിയുടെ സ്വര്‍ണമാണ് കേരളത്തില്‍ വിറ്റുപോയത്. യഥാര്‍ത്ഥത്തില്‍ അക്ഷയതൃതീയ ദിനമെന്നാല്‍ എന്താണ്? വെെശാഖമാസത്തില്‍ ശുക്ലപക്ഷത്തിലെ തൃതീയയാണിത്. സത്യയുഗം ആരംഭിക്കുന്ന ദിനം. പുണ്യകര്‍മ്മങ്ങള്‍ ചെയ്യാനും പ്രാര്‍ത്ഥിക്കാനും ഗോക്കളെ ദാനം ചെയ്യാനുമുള്ള ഉത്തമനാളാണ് ഇതെന്ന് പുരാണങ്ങള്‍. ഈ ദിനത്തിലാണ് കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മീദേവിക്ക് സ്വര്‍ണനെല്ലിക്കാവര്‍ഷം നടത്തി ശ്രീശങ്കരന്‍ ഒരു ഭക്തയുടെ ദാരിദ്ര്യം ശമിപ്പിച്ചതെന്നാണ് പ്രമാണം. വേദവ്യാസന്‍ മഹാഭാരതം രചിച്ചുതുടങ്ങിയതും ഈ ദിവസം. പാഞ്ചാലിക്കു ശ്രീകൃഷ്ണന്‍ അക്ഷയ പാത്രം നല്‍കിയതും കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോയതും ഈ ദിനത്തില്‍. വിഷ്ണുപുരാണത്തിലും നാരദധര്‍മ്മസൂത്രത്തിലും പുണ്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള ദിനംകൂടിയാണിത്. ഒരു കിത്താബിലും അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങണമെന്ന് പറഞ്ഞിട്ടേയില്ല. പക്ഷെ മലയാളിക്ക് അക്ഷയതൃതീയം സ്വര്‍ണം വാങ്ങിക്കൂട്ടി മണ്ടന്മാരാകാനുള്ള ദിനം.

Exit mobile version