Site iconSite icon Janayugom Online

നീണ്ട ഇടവേളയ്ക്ക് വിരാമം; സ്കൂളുകള്‍ സാധാരണ നിലയില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്നത്. ആദ്യദിനമായ ഇന്നലെ 82.77 ശതമാനം വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലെത്തിയത്. എല്‍പി, യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23 ശതമാനം വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 82.18ശതമാനം പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 85.91 ശതമാനം കുട്ടികളുമാണ് ആദ്യദിനം സ്‌കൂളുകളിലെത്തിയത്.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൂടുതല്‍ കുട്ടികള്‍ എത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ജില്ലയിലെ 93 ശതമാനം കുട്ടികളും ക്ലാസിലെത്തി. അതേ സമയം 51.9 ശതമാനം കുട്ടികള്‍ സ്‌കൂളിലെത്തിയ പത്തനംതിട്ടയിലാണ് കുറവ് ഹാജര്‍നില. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 88.54 ശതമാനം വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയ കാസര്‍കോട് ജില്ലയാണ് ഒന്നാമത്. 72.28 ഹാജരുള്ള എറണാകുളത്താണ് ഹയര്‍ സെക്കന്‍ഡറിയില്‍ കുറവ് കുട്ടികളെത്തിയത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹാജര്‍നില കൂടുതല്‍ രേഖപ്പെടുത്തിയത് എറണാകുളത്താണ്. 97 ശതമാനം. കുറവ് 71.48 ശതമാനം പേരെത്തിയ കണ്ണൂരിലാണ്. ഹാജര്‍നില മികച്ചതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. യൂണിഫോം നിർബന്ധമല്ലെങ്കിലും ഭൂരിഭാഗം കുട്ടികൾ യൂണിഫോം ധരിച്ചു തന്നെയാണ് സ്കൂളില്‍ എത്തിയത്. വൈകുന്നേരം വരെയായിരുന്നു ക്ലാസുകൾ. ഉച്ചഭക്ഷണ വിതരണവും ഇന്നലെ ആരംഭിച്ചു. ചില സ്കൂളുകളുകളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നത് വരെ ഓൺലൈൻ ക്ലാസിന് നിർദേശം നൽകിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Pause for long breaks; Schools as usual

You may like this video also

Exit mobile version