Site icon Janayugom Online

പാവങ്ങൾ

കൊടിയ ദാരിദ്യത്തിൽ വിശപ്പകറ്റാൻ റൊട്ടിക്കഷണം മോഷ്ടിക്കേണ്ടി വന്നതും, കുറ്റവാളി യെന്ന കുപ്രസിദ്ധിയിൽ നിന്നുള്ള മോചനത്തിന് കാലങ്ങൾ കാത്തിരുന്നതും പാവങ്ങളിലൂടെ വായിച്ചെടുക്കാം. .

വേർതിരിവുകൾ മതിലുകള്‍ പണിയുന്ന വർത്തമാനകാലത്ത് ഒരുമയുടെ സന്ദേശമുണർത്താൻ കഴിയുന്നത് കുട്ടികൾക്കാണ്. മുതിർന്നവർ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടിയാണ് ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നത്.
മതത്തിന്റെയും, ജാതിയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തിലുള്ള തർക്കങ്ങളും, വിവേചനങ്ങളും കൂടി വരുമ്പോൾ അതിന് കുട്ടികൾ ഇരയാകാതെ നോക്കേണ്ടത് അനിവാര്യമായ ഘടകമാണ്.
പ്രതികൂല ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ആർജിക്കുക എന്നത് കുട്ടികളെ സംബന്ധിച്ച് പരമപ്രധാനമാണ്.
അതിന് ഏറെ അത്യാവശ്യം സൗഹൃദമാണ്. വിദ്യാഭ്യാസത്തിൽ സൗഹൃദത്തിന് പ്രാധാന്യമുണ്ട്. പരസ്പരമുള്ള തിരിച്ചറിവും, ബഹുമാനവും വ്യക്തിത്വത്തെ ഉയർത്തിക്കാട്ടുന്നു.
മനുഷ്യരെ തട്ടുകളായി തിരിച്ച് ദാരിദ്ര്യവും, ജാതിയുമൊക്കെ കൃഷി ചെയ്യാനിറങ്ങുമ്പോൾ അതിനെ കണ്ടറിഞ്ഞ് ഇല്ലാതാക്കേണ്ടത് കുട്ടികളുടെ കടമയാണ്. ഭാഷ എന്നത് മനുഷ്യരെ തമ്മിൽ ചേർത്തു നിർത്തുന്ന കണ്ണികളാണ്.
ജീവിതഗന്ധം വമിക്കുന്നതും, ജീവിതാനുഭവങ്ങളെ ആവിഷ്ക്കരിക്കുന്നതുമാണ് മാതൃഭാഷ. അതിനാൽ ജീവിതത്തെ വികാരവും, വിചാരവും ഉള്ളതാക്കി തീർക്കുന്നതിന് മാതൃഭാഷ നമുക്ക് കൈത്താങ്ങാണ്.
ലോക സാഹിത്യത്തെ നമുക്കു മുന്നിൽ വിളമ്പാനുള്ള വിനിമയ മാർഗവും മാതൃഭാഷ തന്നെയാണ്. അത്തരമൊരു ക്ലാസിക് കൃതിയെ നാലപ്പാട്ട് നാരായണ മേനോൻ മലയാളിയുടെ മുന്നിൽ അവതരിപ്പിച്ചു. ഫ്രഞ്ച് കവിയും, നോവലിസ്റ്റും,നാടകകൃത്തും, മനുഷ്യാവകാശ പ്രവർത്തകനുമായ വിക്ടർ ഹ്യൂഗോയെയാണ് മലയാളി പരിചയപ്പെട്ടത്.
‘ലാ മിറാബലെ’ എന്ന വിഖ്യാത നോവലിനെ നാലപ്പാട്ട് ‘പാവങ്ങൾ’ എന്ന പേരിലാണ് മലയാളിയെ പരിചയപ്പെടുത്തിയത്.
പരിഭാഷ എന്നതിലൂടെ നമുക്ക് ലോകസാഹിത്യത്തെ രുചിച്ചറിയാം എന്നത് തന്നെയാണ് അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.
തെറ്റുകൾ പലതും ബോധപൂർവമാകണമെന്നില്ല.
സാഹചര്യങ്ങൾ ഒരുവനെ തെറ്റിലേക്ക് ആനയിച്ചെന്നിരിക്കാം.
സ്നേഹവും, അലിവും കൂടിച്ചേരുന്നിടത്ത് മാനവികത പിറവിയെടുക്കുന്നു.
മനുഷ്യ മനസിന് രൂപാന്തരം നൽകാൻ കഴിയുന്ന ഔഷധമാണ് സ്നേഹം.
പാവങ്ങൾ എന്ന തലക്കെട്ട് എന്തു കൊണ്ടും കാലത്തിന് അനുയോജ്യമാണ്.
ദാരിദ്ര്യത്തിനെതിരായ പോരാട്ട ഭൂമികയിൽ തളർന്നു വീഴാതെ ഉയർത്തെഴുന്നേൽക്കാൻ കഴിയുന്നവനായിരിക്കണം യഥാർത്ഥ മനുഷ്യൻ.
കാരണം ദാരിദ്ര്യം അവസാനിക്കാത്തിടത്തോളം പോരാട്ടം തുടരേണ്ടി വരും.
മനുഷ്യൻ ഒരു വർഗമാണെന്ന തിരിച്ചറിവ് പാവങ്ങൾ മുന്നോട്ട് വെക്കുന്നു.
പാവപ്പെട്ടവനെന്നോ ‘പണക്കാരനെന്നോ, അശരണനെന്നോ ഉള്ള വ്യത്യാസം മനുഷ്യനെ കൂടുതൽ അകലങ്ങളിലേക്ക് എത്തിക്കയേ ഉള്ളു.
ജീവിത പോരാട്ടവും, കുറ്റകൃത്യവും ഇഴകലർന്ന ജീവിതകഥയാണ് ഴാങ്ങ് വാൽ ഴാങ്ങിന്റേത്.
സാഹിത്യ സൃഷ്ടികൾ മനുഷ്യ നന്മയെ എടുത്തുകാട്ടുന്നവയായിരിക്കണം.
നന്മയുടെ പക്ഷത്ത് നിൽക്കുന്ന മെത്രാൻ മാനവികതയുടെ ന്യായവിധി ഉയർത്തിപ്പിടിക്കുന്നു.
നന്മയുടെ കാലം കെട്ടടങ്ങുന്നു എന്ന ചിന്തയിൽ നാമിരിക്കുമ്പോഴാണ് പാവങ്ങൾ സന്ദർഭത്തിനൊത്ത് നമുക്കരികിലേക്ക് വന്നെത്തുന്നത്.
അറിവില്ലായ്മ മനുഷ്യനെ ബുദ്ധിശൂന്യനാക്കും.
തിരിച്ചറിവിന്റെ ശോഷണം മനസിനെ ഇടുങ്ങിയ അറയ്ക്കുള്ളിൽ വിലങ്ങിട്ട് ബന്ധിക്കും.
ആഹാരത്തിനു വേണ്ടി മോഷണം മാത്രമല്ല ചെയ്യുന്നത്.
കുട്ടികൾ ചെറു പ്രായത്തിൽ തന്നെ കഠിനമായ ജോലികളിലേക്ക് തിരിയേണ്ടി വരുന്നു.
എച്ചിൽക്കുനകളിൽ കൈവിരലുകൾ പരതേണ്ടി വരുന്നു. .
മാനം വില്പനയ്ക്ക് വയ്ക്കേണ്ടി വരുന്നു.
വിശപ്പ് അത്ര മാത്രം പ്രാധാന്യമുള്ളതാണ്.
എണ്ണയിടാത്ത തിരിക്കുറ്റിയുടെ പതറിയ ഒച്ച ഴാങ്ങിന്റെ ഹൃദയമിടിപ്പ് വർധിപ്പിച്ചു എന്ന് നോവലിൽ വായിക്കുന്നുണ്ട്.
തെറ്റാണ് ചെയ്യുന്നതെന്ന ശരീരത്തിന്റെ ഭാഷയാണ് അവിടെ പ്രകടമാകുന്നത്. .
വർത്തമാന കാല സമൂഹത്തിൽ നഷ്ടമാകുന്നത് മാനവികതയാണ്.
സ്നേഹത്തിന്റെയും, അലിവിന്റെയും കഥ പറയുന്ന പാവങ്ങൾ എന്ന കൃതി എക്കാലവും ഭാഷയ്ക്കും വർഗത്തിനും അതീതമായി മർദ്ദിതനെയാണ് ഉയർത്തിക്കാട്ടുന്നത്.

Exit mobile version