തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഇന്ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാജി സന്നദ്ധത അറിയിക്കുമെന്ന് സൂചന.
കോൺഗ്രസിന്റെ താൽക്കാലിക ചുമതലയുള്ള ദേശീയ പ്രസിഡന്റാണ് സോണിയ ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധി വഹിക്കുന്നത്. 2019‑ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോറ്റശേഷം കോൺഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി രാജിവെച്ചിരുന്നു. പിന്നീട് സ്ഥിരം പ്രസിഡന്റിന്റെ ചുമതല പാർട്ടിയിൽ ആർക്കും നൽകിയിട്ടില്ല. ഇന്ന് വൈകീട്ട് നാലിന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്താണ് പ്രവര്‍ത്തക സമിതി യോഗം
തെരഞ്ഞെടുപ്പ് തോല്‍വിയോടെ നെഹ്റു കുടുംബത്തിനെതിരായ നീക്കം ജി23 നേതാക്കള്‍ ശക്തമാക്കിയിരുന്നു. ഗാന്ധി കുടുംബം വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനമെടുത്തിരുന്നു.
സോണിയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും ആലോചന നടന്നിരുന്നു. ഈ ഫോര്‍മുലയെ എതിര്‍ക്കാനും പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനും വിമത ഗ്രൂപ്പ് തീരുമാനമെടുത്തിരുന്നു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്ര ഹൂഡ, മനീഷ് തിവാരി, അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയ നേതാക്കളാണ് വെള്ളിയാഴ്ച രാത്രി ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തുകൂടിയത്.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ സെപ്റ്റംബറില്‍ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുറച്ചു കൂടി നേരത്തെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പ്രവര്‍ത്തകസമിതിയില്‍ ഉണ്ടായേക്കും.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിൽ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. പഞ്ചാബിൽ 117 സീറ്റുകളിൽ 18 ലും ഉത്തരാഖണ്ഡിൽ 70 ല്‍ 18 ലും ഗോവയിൽ 40 സീറ്റുകളില്‍ 12 എണ്ണത്തിലുമാണ് കോൺഗ്രസ് വിജയിച്ചത്.
English Summary: Paving the way for a change of leadership
You may like this video also