Site iconSite icon Janayugom Online

കുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ക്കാരന്‍ രോഹിത് ദേശീയ ശ്രദ്ധയില്‍

കുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശിയായ 17‑കാരന്‍ രോഹിത് കെ പി ദേശീയശ്രദ്ധയിലേയ്ക്ക്. വായുവില്‍ ഈ കല്ലുകള്‍ തങ്ങി നില്‍ക്കുന്നത് ഒരു നിമിഷം മാത്രമാണെങ്കില്‍ ആ ഒരു നിമിഷം മതി അവിശ്വസനീയമായ ആ കലാസൃഷ്ടി ആസ്വാദകരെ അമ്പരപ്പിയ്ക്കാന്‍. രോഹിതിന്റെ ഈ കലാവിരുത് ഹിസ്റ്ററി ടിവി18‑ലെ ഓഎംജി! യേ മേരാ ഇന്ത്യ എന്ന പരിപാടിയുടെ ഈ തിങ്കളാഴ്ച രാത്രി 8‑ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെയാണ് ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകളാണ് ഇപ്പോള്‍ എട്ടാമത് സീസണിലേയ്ക്ക് കടന്നിരിക്കുന്ന ഓഎംജി! യേ മേരാ ഇന്ത്യയിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ രംഗത്ത് ഔപചാരികമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ആളാണ് രോഹിത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. അരിമണികള്‍ വായുവിലെറിഞ്ഞ് പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിക്കുന്ന ഒരു വനിതയെപ്പറ്റിയുള്ള യുട്യൂബ് വിഡിയോ കണ്ടതാണ് രോഹിതിനെ ഇത് പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. 

മൂന്നു ദിവസത്തെ പരിശ്രമം കൊണ്ട് രോഹിത് വായുവില്‍ മോഹന്‍ലാലിന്റെ പോര്‍ട്രെയ്റ്റ് സൃഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് ഒട്ടേറെ പ്രശസ്ത വ്യക്തികളുടെ ഏരിയല്‍ പോര്‍ട്രെയ്റ്റുകളും രോഹിത് സൃഷ്ടിച്ചത്. രോഹിതിന്റെ അവിശ്വസനീയമായ ഈ കഴിവാണ് ഹിസ്റ്ററിടിവി18‑ലെ ഓഎംജി! യേ മേരാ ഇന്ത്യ പരിപാടിയിലൂടെ തിങ്കളാഴ്ച രാജ്യം മുഴുവന്‍ എത്തുന്നത്. 24 ലോകറെക്കോര്‍ഡുകള്‍ സ്വന്തം പേരിലുള്ള ഒരൂ തൈക്ക്വോണ്ടോ പരിശീലകനും ഈ എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ENGLISH SUMMARY:Payyanur res­i­dent Rohit draws nation’s atten­tion by draw­ing por­traits in the air with small stones
You may also like this video

Exit mobile version