Site icon Janayugom Online

കോട്ടയത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അരുണിന് വധശിക്ഷ

കോട്ടയം മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ. 2013 സെപ്റ്റംബര്‍ 28‑ന് തീമ്പനാല്‍ വീട്ടില്‍ തങ്കമ്മ (68), ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ (71) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പ്രതിയ്ക്ക് വധശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ചു.  ഭവനഭേദനം 5 വര്‍ഷം കഠിനതടവ് കവര്‍ച്ചയ്ക്ക് 7 വര്‍ഷം തടവ്. കോട്ടയം അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ നാസറാണു വിധി പറഞ്ഞത്.

ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുണ്‍ മറുപടി പറഞ്ഞില്ല. എന്നാല്‍, ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു. 2013 സെപ്റ്റംബര്‍ 28‑നാണ് കൊലപാതകം. തലയ്ക്കു പിന്നിൽ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുൺ ടിവി കാണുകയായിരുന്ന ഭാസ്കരൻ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. പണം മോഹിച്ചാണ്,   ബന്ധുക്കളെ 21 വയസ്സുകാരന്‍ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ കേസില്‍ ആദ്യം അരുണിനെ സംശയം ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകൾക്കും കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനുമെല്ലാം മുന്നിൽ നിന്നത് അരുൺ ശശിയായിരുന്നു.
പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷണക്കേസിൽ അരുൺ പൊലീസിന്റെ പിടിയിലായി. ഇതാണ് കൊലപാതക കേസില്‍ നിര്‍ണായകമായത്. കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.

Eng­lish Sum­ma­ry: pazhayi­dam twin mur­der con­vict­ed gets death penalty
You may also like this video

Exit mobile version