Site icon Janayugom Online

കെപിസിസി പ്രസിഡന്റിന് ബിജെപിയുടെ മനസ്: പി സി ചാക്കോ

ബിജെപിയുടെ മനസുള്ള കെപിസിസി പ്രസിഡന്റാണ് ഇപ്പോഴുള്ളതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. കോൺഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് മോഡി പറഞ്ഞെങ്കിലും അത് ഇപ്പോൾ നടപ്പാക്കുന്നത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ് സംഘടിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപി അത്ര മോശപ്പെട്ട പാർട്ടിയല്ല എന്ന് പറഞ്ഞയാളാണ് കെ സുധാകരൻ. തന്നെ കാണാൻ ചില ബിജെപിക്കാർ വീട്ടിൽ വന്നെന്നും അതിനെന്താ തെറ്റെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. ബിജെപിക്കാരോട് വേണമെങ്കിൽ സംസാരമാകാം എന്നു കരുതിയിരുന്നയാൾ കെപിസിസി പ്രസിഡന്റിന്റെ കസേരയിലിരിക്കുമ്പോൾ കോൺഗ്രസിന്റെ സ്ഥിതിയെന്താണ്. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതാണ് 2019‑ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുപിഎ തകർന്നടിയാൻ കാരണം. ഇത് സ്മൃതി ഇറാനിയും സംഘവും പ്രചാരണായുധമാക്കി. അമേഠിയിൽ അദ്ദേഹം പരാജയപ്പെട്ടു. കേരളത്തിൽ മത്സരിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എ കെ ആന്റണിയോടും കെ സി വേണുഗോപാലിനോടും സംസാരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എ കെ ആന്റണിയോട് സംസാരിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല.
രാഹുൽ ഗാന്ധിയെ ആരെങ്കിലും വഴി തെറ്റിക്കുന്നതായി കരുതുന്നില്ല. അദ്ദേഹം വഴി തെറ്റി പോവുകയാണ്. രാഹുലിന്റെ നിസഹകരണമാണ് കോൺഗ്രസ് നേരിടുന്ന പ്രശ്നം. 

ബിജെപി ഇന്ത്യയെ ഒരു ഫാസിസ്റ്റ് സ്റ്റേറ്റ് ആക്കാനാണ് ശ്രമിക്കുന്നത്. അവരെ എതിർക്കാൻ കഴിയുന്ന പാർട്ടികളെ ഒരുമിച്ച് വലിയ കക്ഷിയുണ്ടാക്കുകയാണ് എൻസിപിയുടെ ലക്ഷ്യം. കേരളത്തിലെ ഇടതു മുന്നണി അത്തരമൊരു ബദലിന് ഉദാഹരണമാണ്. അത് മനസിലാക്കിയാണ് കോൺഗ്രസിൽ നിന്ന് നേതാക്കൻമാരും പ്രവർത്തകരും ഇടതുമുന്നണിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry : pc chacko state­ment about kpcc president

You may also like this video :

Exit mobile version