അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്(പിസിബി) ആലോചിക്കുന്നതായി റിപ്പോർട്ട്. ഐസിസിയെ എതിർപ്പ് അറിയിക്കാൻ ഉദ്ദേശിച്ച് പിസിബി പരിഗണിക്കുന്ന ഒപ്ഷനുകളിൽ ഒന്നാണിതെന്നാണ് വിവരം. ടൂർണമെന്റിൽനിന്ന് പൂർണമായി വിട്ടുനിൽക്കുക എന്നതാണ് മറ്റൊന്ന്. പിസിബി മേധാവി മുഹ്‌സിൻ നഖ്‌വിയും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയായേക്കും.
ടൂർണമെന്റിൽ കളിക്കുമോ ഇല്ലയോ എന്നത് സർക്കാർ തീരുമാനിക്കുമെന്നും വിദേശത്തുള്ള പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തിരിച്ചെത്തുമ്പോൾ ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ ഉപദേശം തേടുമെന്നും നഖ്‌വി അറിയിച്ചു. സർക്കാർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടൂർണമെന്റിൽനിന്ന് പിന്മാറിയാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചില ഐസിസി ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സുരക്ഷാ കാരണങ്ങളാൽ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതോടെ സ്‌കോട്ട്‌ലൻഡിനെ പകരം ഉൾപ്പെടുത്തിയതായി ഐസിസി പ്രഖ്യാപിച്ചു. പിന്നാലെയാണ് പാകിസ്താനും ടൂർണമെന്റിൽനിന്ന് പിന്മാറുകയോ ഭാഗികമായി പിന്മാറുകയോ ചെയ്യുമെന്ന സൂചനകൾ വരുന്നത്. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാനുള്ള ബിസിബിയുടെ അഭ്യർഥന അംഗീകരിക്കുന്നതിന് അനുകൂലമായി വോട്ടുചെയ്ത ഏക രാജ്യം പാകിസ്താനാണ്.

