Site iconSite icon Janayugom Online

പിസിഒഡി നിയന്ത്രിക്കാം ആഹാരക്രമീകരണത്തിലൂടെ

pcodpcod

സ്ത്രീകളുടെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ പ്രമേഹം, ഗര്‍ഭാശയ ഭിത്തിയിലെ അര്‍ബുദബാധ എന്നിവയ്ക്കുള്ള സാദ്ധ്യതയുണ്ട്. നേരത്തേയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും ദീര്‍ഘകാല പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കു. പിസിഒഡി ക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടിയാണ്. അതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഏകദേശം 10% സ്ത്രീകളിലും പി സി ഒ ഡി വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ചു വയ്ക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, തൊലിയോട് കൂടിയ mil­let (ചെറുധാന്യങ്ങള്‍) എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം വരാതിരിക്കുന്നതിനും സഹായിക്കും. മുഴുധാന്യങ്ങളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. മാത്രമല്ല സസ്യ സംയുക്തങ്ങളായ പോളിഫിനോള്‍സ്, സ്റ്റാനോളുകള്‍, സ്റ്റിറോളുകള്‍ എന്നിവ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്നു. തൊലി കളയാത്ത മുഴുവനേയുള്ള പയറു വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പിസിഒഡി തകരാറിനെ കുറയ്ക്കുന്നു. സോയാബീനിലുള്ള ഐസോഫ്‌ലേവോണുകള്‍ പ്രത്യുല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞത് അരക്കപ്പ് പയറുവര്‍ഗ്ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പി സി ഒ ഡി യുടെ ആഹാരപരിപാലനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകള്‍. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്‍), തൊലി നീക്കിയിട്ടുള്ള കോഴിയുറച്ചി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാം. കശുവണ്ടി, ബദാം, വാള്‍നട്‌സ് എന്നിവ നിയന്ത്രണവിധേയമായി ഉള്‍പ്പെടുത്താം. ഇതിലുള്ള സിങ്ക്, മഗ്‌നീഷ്യം എന്നീ ലവണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും.

ആന്റിഓക്‌സിഡന്റുകള്‍ സമ്പുഷ്ടമായ പഴങ്ങള്‍ (മഞ്ഞയും, ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്‌നങ്ങള്‍ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്‍വിംഗ് പഴങ്ങളെങ്കിലും കഴിക്കണം. പഴങ്ങള്‍ അഡ്രിനല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടും ചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ അണ്ഡോല്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).

പച്ച ഇലക്കറികളും പച്ചക്കറികളിലും വിറ്റമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ ആവശ്യ വിറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (മരിച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്‍) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.

പാടനീക്കിയ പാലുല്‍പ്പന്നങ്ങള്‍ എന്നിവ 200ml എന്ന ക്രമത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. പാലുല്‍പ്പന്നങ്ങളായ തൈര്, മോര് എന്നിവയില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് ഇത് ശരിയായ ആരോഗ്യം സംരക്ഷിക്കുന്നു.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരമുള്ള ലഘുഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, കാര്‍ബണേറ്റഡ് ബിവറേജസുകള്‍, കൊഴുപ്പ് കൂടുതലുള്ള ആഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. കേക്കുകള്‍, മിഠായികള്‍, മറ്റു മധുര പലഹാരങ്ങള്‍ എന്നിവ വളരെ കുറച്ചു മാത്രമേ കഴിക്കാന്‍ പാടുള്ളൂ. കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല. ചുവന്ന മാംസം, സോസേജുകള്‍ എന്നിവയുടെ ഉപയോഗം പിസിഒഡി സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം. പിസിഒഡി ഉള്ള സ്ത്രീകളില്‍ മദ്യം കരളിന്റെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ബാലന്‍സ്, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയെ ദോഷകരമായി ബാധിക്കും. ദിവസവും 45 മിനിട്ട് വ്യായാമത്തിന് മാറ്റിവയ്ക്കുക.

പ്രീതി ആർ നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version