Site iconSite icon Janayugom Online

സമാധാന കരാര്‍: പ്രധാന വിഷയങ്ങളിൽ യുഎസും ഉക്രെയ്‌നും സമവായത്തിലെത്തി

നാല് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നിര്‍ണായക വിഷയങ്ങളില്‍ യുഎസും ഉക്രെയ‍്നും സമവായത്തിലെത്തി. എന്നാൽ കിഴക്കൻ പ്രദേശങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടും സപ്പോരീഷ്യ ആണവ നിലയത്തിന്റെ നടത്തിപ്പും സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ഉക്രെയ്ന്‍ പ്രസി‍ഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി പറഞ്ഞു. ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയ 20 ഇന പദ്ധതി യുഎസ് റഷ്യന്‍ പ്രതിനിധികള്‍ക്ക് കെെമാറിയിട്ടുണ്ട്. വിഷയത്തില്‍ റഷ്യയുടെ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.

ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളെ സംബന്ധിച്ച തര്‍ക്കമാണ് ഇനിയും പരിഹരിക്കപ്പെടാനുള്ളത്. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സെലന്‍സ്കി സമ്മതിച്ചു. ഉന്നത നേതൃതലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ൻ പിടിച്ചെടുക്കാത്ത ഡോൺബാസിലെ ശേഷിക്കുന്ന പ്രദേശം ഉപേക്ഷിക്കണമെന്നാണ് റഷ്യയുടെ ആവശ്യം. എന്നാല്‍ ഇത് ഉക്രെയ‍്ന് സ്വീകാര്യമല്ല. ലുഹാൻസ്കിന്റെ ഭൂരിഭാഗവും ഡൊണെറ്റ്സ്കിന്റെ 70 ശതമാനത്തോളവും റഷ്യന്‍ നിയന്ത്രണത്തിലാണ്. ഒത്തുതീർപ്പിന് സൗകര്യമൊരുക്കുന്നതിനായി, ഈ പ്രദേശങ്ങളെ സ്വതന്ത്ര സാമ്പത്തിക മേഖലകളാക്കി മാറ്റാൻ അമേരിക്ക നിർദേശിച്ചിട്ടുണ്ട്. 

ഏതൊരു ക്രമീകരണവും ജനഹിത പരിശോധനയെ ആശ്രയിച്ചായിരിക്കണമെന്നാണ് ഉക്രെയ്ന്‍ പറയുന്നത്. പ്രദേശത്തിന്റെ സൈനികവൽക്കരണവും സ്ഥിരത ഉറപ്പാക്കാൻ അന്താരാഷ്ട്ര സേനയുടെ സാന്നിധ്യവും ഉക്രെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെലന്‍സ്കി വ്യക്തമാക്കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരീഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണവും മറ്റൊരു തര്‍ക്കവിഷയമാണ്. ഉക്രെയ്ൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങൾ സംയുക്തമായി പ്ലാന്റ് നടത്തണമെന്നും, എല്ലാ കക്ഷികൾക്കും സംരംഭത്തിൽ നിന്ന് തുല്യ ലാഭവിഹിതം നൽകണമെന്നുമാണ് യുഎസ് നിർദേശിക്കുന്നത്. എന്നാൽ ഈ നിര്‍ദേശത്തോട് ഉക്രെയ്‍ന് എ­തിര്‍പ്പുണ്ട്.

Exit mobile version