Site iconSite icon Janayugom Online

അതിർത്തിയിൽ വീണ്ടും സമാധാനം; തായ്‌ലൻഡും കംബോഡിയയും വെടിനിർത്തൽ കരാർ ഒപ്പിട്ടു

തായ്‌ലൻഡും കംബോഡിയയും തമ്മിൽ അതിർത്തിയിൽ നിലനിന്നിരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന് അറുതി വരുത്തിക്കൊണ്ട് വെടിനിർത്തൽ കരാർ ഒപ്പിട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നതെന്ന് ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന അതിരൂക്ഷമായ പോരാട്ടത്തിൽ നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തോളം പേർ പലായനം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. ചൈനയുടെയും അമേരിക്കയുടെയും നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനത്തിൽ ഇരുരാജ്യങ്ങളും എത്തിയത്.

പുതിയ കരാർ പ്രകാരം ഇരുരാജ്യങ്ങളും നിലവിൽ സൈന്യം നിലയുറപ്പിച്ചിട്ടുള്ളയിടങ്ങളിൽ നിന്ന് മുന്നോട്ട് നീങ്ങില്ല. അതിർത്തി പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്മാർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ അനുവാദം നൽകുന്നതിനാണ് കരാറിൽ മുൻഗണന നൽകിയിരിക്കുന്നത്. വെടിനിർത്തൽ 72 മണിക്കൂർ തടസ്സമില്ലാതെ തുടർന്നാൽ, ജൂലൈ മുതൽ തായ്‌ലൻഡിന്റെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കുമെന്നും ധാരണയായിട്ടുണ്ട്. കൂടാതെ അതിർത്തിയിലെ ലാൻഡ് മൈനുകൾ നീക്കം ചെയ്യാനും സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സഹകരിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു.

കഴിഞ്ഞ തവണത്തെ വെടിനിർത്തൽ കരാറുകളിൽ നിന്ന് വിഭിന്നമായി, ഇത്തവണ തായ്‌ലൻഡ് ഏറെ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. കംബോഡിയയുടെ ആത്മാർത്ഥത പരിശോധിക്കാനുള്ള അവസരമാണിതെന്നും കരാർ ലംഘിക്കപ്പെട്ടാൽ സ്വയം പ്രതിരോധത്തിനുള്ള അവകാശം തായ്‌ലൻഡിനുണ്ടെന്നും പ്രതിരോധ മന്ത്രി നത്തഫോൺ നാർക്ക്ഫാനിത് പറഞ്ഞു. 

Exit mobile version