Site iconSite icon Janayugom Online

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം: കടവന്ത്ര എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

പീച്ചി കസ്റ്റഡി മർദനത്തിൽ കുറ്റക്കാരനായ കൊച്ചി കടവന്ത്ര സ്റ്റേഷനിലെ എസ്എച്ച്ഒ പി എം രതീഷിനെ സസ്‍പെൻഡ് ചെയ്തു. തൃശൂർ റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖലാ ഐജി എസ് ശ്യാംസുന്ദറാണ് ഉത്തരവ് പുറത്തിറക്കിയത്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. രതീഷ് കുറ്റക്കാരനാണെന്ന തൃശൂർ അഡിഷണല്‍ എസ്‍പിയുടെ റിപ്പോർട്ട് ഒന്നരവർഷം നടപടിയെടുക്കാതെ വയ്ക്കുകയും ചെയ്തു. മർദനത്തിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്.

2023 മേയ് 24ന് പീച്ചി പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടലുടമയായ കെ പി ഔസേപ്പിനെയും മകനെയും ജീവനക്കാരെയുമാണ് എസ്ഐ ആയിരുന്ന രതീഷ് മർദിച്ചത്. ഹോട്ടലിലെ ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തർക്കമാണ് കേസിനാസ്പദമായ സംഭവം. പരാതി നൽകാൻ ഹോട്ടൽ മാനേജരും പിന്നാലെ ഔസേപ്പും മകനും സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു എസ്ഐയുടെ മർദനം. ഫ്ലാസ്ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചെന്നും ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. വൻ തുക ആവശ്യപ്പെട്ട് കേസ് ഒതുക്കിത്തീർക്കാന്‍ പി എം രതീഷ് ശ്രമിച്ചതായും ആരോപണം ഉയര്‍ന്നു. 2023 ഡി​സം​ബ​റി​ലാ​ണ്​ കേസില്‍ അ​ന്വേ​ഷ​ണം ആരംഭിച്ചത്. 

Exit mobile version