കര്‍ഷക സമരം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംഘടനാ നേതാക്കളും തമ്മില്‍ വീണ്ടും ചര്‍ച്ച. സമരം രണ്ടാം ദിനവും കഴിഞ്ഞ് മുന്നേറുകയാണ്.
കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായി എന്നിവരാണ് കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുക. പഞ്ചാബ് സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് വീണ്ടും ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന കേന്ദ്രത്തിന്റെ എഴുതി നല്‍കുന്ന ഉറപ്പാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായി അഞ്ചു മണിക്കൂറിലധികം നീണ്ട മാരത്തണ്‍ ചര്‍ച്ചകളില്‍ മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന കാര്യത്തില്‍ ഭിന്നിച്ചതോടെയാണ് കര്‍ഷകര്‍ പ്രഖ്യാപിച്ച പ്രതിഷേധവുമായി മുന്നോട്ടു പോയത്.
ഒരു വശത്ത് ചര്‍ച്ചകള്‍ക്ക് സന്നദ്ധത വ്യക്തമാക്കുമ്പോഴും മറുവശത്ത് സര്‍ക്കാരിനെതിരെ പോരാട്ടവീര്യം കൂട്ടിയാണ് കര്‍ഷകര്‍ മുന്നേറുന്നത്. ചര്‍ച്ചകളില്‍ സമവായം ഉണ്ടായാല്‍ പിന്തിരിയുമെങ്കിലും തീരുമാനം മറിച്ചായാല്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കര്‍ഷകരുടെ നീക്കം സര്‍ക്കാരിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളിയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പിന്നാമ്പുറ രാഷ്ട്രീയ നീക്കുപോക്കുകള്‍ നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
സമാധാനപരമായി സമരം നടത്താനാണ് കര്‍ഷകര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായാണ് കാണുന്നതെന്നും ആദ്യമായാണ് കര്‍ഷക സമരക്കാരെ നേരിടാന്‍ അര്‍ധസൈനിക വിഭാഗത്തെ സര്‍ക്കാര്‍ നിയോഗിച്ചതെന്നും കര്‍ഷക നേതാവ് സരവണ്‍ സിങ് പാന്ഥര്‍ വ്യക്തമാക്കി. ചര്‍ച്ചയുടെ മാര്‍ഗത്തിലേക്ക് പ്രതിഷേധക്കാര്‍ വരണമെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കര്‍ഷകര്‍ വഴങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:Peasant strike: Center to suppress
You may also like this video