Site icon Janayugom Online

സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. 2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ.

നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. അതിനാല്‍ വാക്‌സിനുകള്‍ മാറാതിരിക്കാന്‍ മറ്റൊരു നിറം നല്‍കി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

Eng­lish sum­ma­ry; Pedi­atric vac­ci­na­tion on a pilot basis in the state

You may also like this video;

Exit mobile version