Site iconSite icon Janayugom Online

പെഗാസസ് വിടവാങ്ങി; ഇനി കോഗ്നൈറ്റ്

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ഇനി കോഗ്നൈറ്റ് ചാരസോഫ്റ്റ്‌വേര്‍. പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ ഉയര്‍ത്തിയ വിവാദം കെട്ടടങ്ങും മുമ്പാണ് പ്രതിരോധ മന്ത്രാലയം ഇസ്രയേല്‍ കമ്പനി വികസിപ്പിച്ച കോഗ്നൈറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. മുന്നു വര്‍ഷത്തിലധികമായി രാജ്യത്തെ പ്രതിരോധ മേഖലയിലെ സിഗ്നല്‍ ഇന്റലിജന്‍സ് ഡയക്ടറേറ്റിനു കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ നല്‍കുന്ന സ്ഥാപനമാണ് കോഗ്നൈറ്റ്.

986 കോടി രൂപ ചെലവഴിച്ചാണ് പെഗാസസിനു പകരം പുതിയ ചാരസോഫ്റ്റ്‌വേര്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ റിപ്പോര്‍ട്ട് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ബഹുമുഖ കഴിവുള്ള കമ്പനിയാണ് കോഗ്നൈറ്റ്.

കോഗ്നൈറ്റിന്റെ മാതൃ കമ്പനിയായ വേരിയന്റ് സിസ്റ്റംസ് ആണ് ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ കഴിഞ്ഞ മുന്നു വര്‍ഷമായി സാങ്കേതിക സഹായം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍മി, നേവി, എയര്‍ഫോഴ്സ് തുടങ്ങിയ പ്രതിരോധ സേനകളുടെ വിവരങ്ങളും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ആന്തരിക വിഷയങ്ങളും ഇനി മുതല്‍ കോഗ്നൈറ്റ് ചാര സോഫ്റ്റ്‌വേര്‍ നീരിക്ഷണത്തിലാകും. ഈ വര്‍ഷം ജനുവരിയിലാണ് പുതിയ സോഫ്റ്റ്‌വേര്‍ ഇന്ത്യക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2022 ലാണ് ഇസ്രയേലില്‍ നിന്ന് ഇന്റലിജന്‍സ് ബ്യൂറോ പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ വാങ്ങിയത്. മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നവരുടെയും വ്യക്തിഗത വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി വിവരം പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: spy­ware Cognyte
You may also like this video

Exit mobile version