രാജ്യത്തെ ജനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ആശങ്കകൾക്ക് അടിവരയിടുന്നതായി സുപ്രീംകോടതി നിയോഗിച്ച പെഗാസസ് അന്വേഷണസമിതിയുടെ റിപ്പോർട്ട്. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം സ്ഥിരീകരിച്ച സമിതി, അന്വേഷണവുമായി കേന്ദ്രസർക്കാർ സഹകരിച്ചില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. പെഗാസസ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അഞ്ച് ഫോണുകൾ ആരാണ് ചോർത്തിയത് എന്ന ചോദ്യം കേന്ദ്രത്തിനു നേരെ സംശയമായി നിലനില്ക്കുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിൽ ചാര സോഫ്റ്റ്‍വേറിന്റെ സാന്നിധ്യം കണ്ടെത്തി.
എന്നാൽ ഇതു പെഗാസസ് ആണെന്ന് അർത്ഥമാക്കുന്നില്ലെന്ന് സാങ്കേതിക സമിതി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് പരിശോധിച്ചത്. സമിതിയുമായി സർക്കാർ സഹകരിച്ചില്ലെന്നും സുപ്രീം കോടതി മുമ്പാകെ സ്വീകരിച്ച അതേ നിലപാടാണ് സമിതിയോടും സർക്കാർ സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സാങ്കേതിക സമിതിയുടെയും റിട്ട. ജസ്റ്റിസ് ആർ വി രവീന്ദ്രന്‍ സമിതിയുടെയും റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വെബ്പേജിൽ അപ്‍ലോഡ് ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. ഇസ്രയേൽ കമ്പനിയായ എൻഎസ്എ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്‍വേറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം.
ഇതേത്തുടർന്ന് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിലാണ് ചാര സോഫ്റ്റ്‍വേർ ഉപയോഗം കണ്ടെത്തിയത്. എന്നാൽ പെഗാസസ് വാങ്ങിയോ എന്ന് സമിതിയോട് പറയാൻ കേന്ദ്രം തയാറായില്ല. ഇതേക്കുറിച്ച് പ്രതികരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തയാറായില്ല. പെഗാസസിന്റെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ 12 ഹർജികളാണ് സുപ്രീം കോടതിക്കു മുമ്പിലെത്തിയത്. വാദം കേൾക്കുന്നതിനിടെ ചോർത്തൽ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രം ഹ്രസ്വ സത്യവാങ്മൂലം സമർപ്പിച്ചു. ദേശീയ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾ ഉൾപ്പെടുന്നതിനാൽ വിശദാംശങ്ങൾ പൊതു സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താനും പൊതു ചർച്ചാവിഷയമാക്കാനും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജുഡീഷ്യൽ അവലോകനത്തിന്റെ പരിധി പരിമിതമാണെന്നു പറഞ്ഞെങ്കിലും എപ്പോഴും സർക്കാരിന് സൗജന്യ പാസ് ലഭിക്കുമെന്നല്ല ഇതിനർത്ഥമെന്ന് കോടതി സൂചിപ്പിച്ചിരുന്നു. ഭരണകൂടത്തിന്റെ ദേശീയ സുരക്ഷയെക്കുറിച്ചുള്ള വാദത്തില്‍ നിശബ്ദ കാഴ്ചക്കാരാകില്ലെന്നും കോടതി പറഞ്ഞു.
English Sumamry: Pegasus: Spy software on five phones
You may also like this video