Site iconSite icon Janayugom Online

പെഗാസസ്: സുപ്രീം കോടതി സമിതി വിവരങ്ങൾ തേടി; പരാതിയുള്ളവർ ജനുവരി ഏഴിനകം ബന്ധപ്പെടണം

പെഗാസസ് ചാര സോഫ്റ്റ്‍വേർ ഉപയോഗിച്ച് ഫോണുകൾ ചോർത്തിയെന്ന് പരാതിയുള്ള രാഷ്ട്രീയനേതാക്കൾ, പൊതുപ്രവർത്തകൾ, മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്ന് അന്വേഷണ സമിതി വിവരങ്ങൾ ശേഖരിക്കും. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതിയാണ് സ്വന്തം ഫോണുകൾ ചോർത്തുന്നതായി സംശയിക്കുന്നവരിൽ നിന്ന് വിവരങ്ങൾ തേടുന്നത്. പരാതിയുള്ളവർ ജനുവരി ഏഴിനകം തങ്ങളുമായി ബന്ധപ്പെടണമെന്ന് സമിതി അറിയിച്ചു.

ഇസ്രയേൽ സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിൽ നിന്നുള്ള സ്പൈവേർ ലോകമെമ്പാടും നിരവധിപേർക്കു നേരെ ഉപയോഗിച്ചുവെന്ന വാർത്തകൾ സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിനെ തുടർന്നാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യയിൽ 142 ലധികം പേരെ ലക്ഷ്യമിട്ടിരുന്നതായി ‘ദി വയർ’ റിപ്പോർട്ട് ചെയ്തിരുന്നു. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ ചില ഫോറൻസിക് വിശകലനത്തിൽ സുരക്ഷാ ലംഘനം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ നിരീക്ഷകന്‍ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്ര മന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാർമാർ, ഒരു മുൻ ജഡ്ജി, മുൻ അറ്റോർണി ജനറലിന്റെ അടുത്ത സഹായി, 40 മാധ്യമപ്രവർത്തകർ എന്നിവരായിരുന്നു ചോർത്തപ്പെട്ടവരുടെ പട്ടികയിൽ.

Eng­lish Sum­ma­ry: Pega­sus: Supreme Court pan­el seeks infor­ma­tion: Com­plainants should con­tact by Jan­u­ary 7th

You may like this video also

Exit mobile version