പെലെ ബൂട്ടഴിച്ച് 45 വര്‍ഷം പിന്നിട്ടു, അദ്ദേഹത്തിന്റെ ജീവശ്വാസം നിലച്ചിരിക്കുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ ഫുട്ബോള്‍ ജീവിതം എന്നും അനശ്വരമായി തുടരും. 1958ലെ ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം റയല്‍ മാഡ്രിഡ്, യുവന്റസ്, ഇന്റര്‍ മിലാൻ തുടങ്ങിയ സമ്പന്നമായ പല യൂറോപ്യൻ ക്ലബ്ബുകളും പെലെയെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബ്രസീല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സ്വത്തായി പ്രഖ്യാപിച്ച് രാജ്യത്തിന് പുറത്തേക്കുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫര്‍ തടയുകയായിരുന്നു. ഫുട്ബോള്‍ ലോകത്ത് അതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവം. ഇതിനുശേഷവും ഇത്തരമൊരു നീക്കമുണ്ടായിട്ടില്ല.
കാല്‍പന്തിന്റെ സൗന്ദ്യര്യത്തെ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ കവിയും സംഗീതകാരനുമൊക്കെയാണ്. ഒരു ടീം ഗെയിം എന്ന നിലയില്‍ ഫുട്‌ബോളിന്റെ ചന്തം കാലുകളില്‍ നിന്ന് കാണികളിലേക്ക് പടര്‍ത്തിയ മാന്ത്രികനായി പെലെയെ ലോകം അടയാളപ്പെടുത്തുന്നു. ഫൗള്‍ നിയമങ്ങള്‍ ഇന്നത്തെ പോലെ കര്‍ക്കശമാകാത്ത ആ കാലത്ത് പെലെ എതിരാളികളുടെ പ്രതിരോധ ദുര്‍ഗങ്ങളെ ഭേദിച്ചത് സൗന്ദര്യാത്മകമായ കേളീവൈഭവം ഒന്നുകൊണ്ടുമാത്രമായിരുന്നു. പെലെയുടെ ശൈലി ഡ്രിബ്ലിങ്ങില്‍ അധിഷ്ഠിതമാണ്. എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ക്കിടയിലൂടെ പന്ത് ഡ്രിബിള്‍ ചെയ്ത് അദ്ദേഹം ഗോള്‍ വല ചലിപ്പിക്കുന്നു. 1953ല്‍ തന്റെ പതിമൂന്നാം വയസില്‍ ജൂനിയര്‍ താരമായി ആരംഭിച്ച ഫുട്ബോള്‍ കരിയര്‍ 1977ല്‍ ന്യൂയോര്‍ക്ക് കോസ്മോസില്‍ അവസാനിപ്പിക്കുമ്പോള്‍ ലോക ഫുട്ബോളിലെ വിസ്മയമായി അദ്ദേഹം മാറിയിരുന്നു.
ബാല്യകാലത്തുതന്നെ അച്ഛന് കീഴില്‍ ഫുട്ബോള്‍ പരിശീലിച്ചു. ഏഴ് വയസുള്ളപ്പോള്‍ മുതല്‍ കുട്ടികള്‍ക്കായുള്ള പല ടീമുകള്‍ക്കും വേണ്ടി കളിച്ചു തുടങ്ങി. ബൗറു അത്‌ലറ്റിക് ക്ലബ്ബിന് വേണ്ടി രണ്ട് സാവോ പോളോ സ്റ്റേറ്റ് യൂത്ത് ചാമ്പ്യൻഷിപ്പില്‍ കളിച്ചു. ഏതാണ്ട് ഇതേകാലത്ത് ഇൻഡോര്‍ ഫുട്ബോള്‍ ടീമായ റേഡിയത്തിന് വേണ്ടി കളിച്ചുതുടങ്ങി. 1956 ല്‍ ബൗറു കോച്ച് ആയിരുന്ന വാള്‍ഡെമാര്‍ ഡെ ബ്രിട്ടോ പെലെയെ സാന്റോസ് എഫ്‌സിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറാണ് ഈ 15 വയസുകാരൻ എന്നാണ് അദ്ദേഹം ടീം മാനേജ്മെന്റിനോട് പറഞ്ഞത്. തന്റെ പരിശീലന മത്സരത്തില്‍ സാന്റോസ് കോച്ച് ലുലയെ പ്രീതിപ്പെടുത്താൻ പെലെയ്ക്ക് സാധിക്കുകയും ക്ലബ്ബുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. അങ്ങനെ 15-ാം വയസില്‍ പെലെ തന്റെ സീനിയര്‍ ടീം അരങ്ങേറ്റം നടത്തി. സെപ്റ്റംബര്‍ ഏഴിന് നടന്ന മത്സരത്തില്‍ സാന്റോസ് കോറിന്ത്യൻസിനെ 7–1ന് പരാജയപ്പെടുത്തുകയും പെലെ തന്റെ അതിഗംഭീര കരിയറിലെ ആദ്യ ഗോള്‍ നേടുകയും ചെയ്തു.
1957 ജൂലൈ ഏഴിന് പാരമ്പര്യവൈരികളായ അര്‍ജന്റീനയ്ക്കെതിരെയായിരുന്നു ബ്രസീല്‍ ടീമിലെ പെലെയുടെ അരങ്ങേറ്റം. പത്താം നമ്പര്‍ ജേഴ്‌സിയില്‍ 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. മത്സരത്തില്‍ 12 ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെട്ടെങ്കിലും പെലെയുടെ ഗോള്‍ ശ്രദ്ധനേടി. പിന്നീടങ്ങോട്ട് പെലെയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആയിരത്തിലേറെ ഗോളുകള്‍ നേടി ചരിത്രത്തിലേക്കായിരുന്നു ആ യാത്ര.
1971ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചതിന് ശേഷവും സാന്റോസുമായുള്ള കരാര്‍ തുടര്‍ന്നു. 1974ല്‍ ബ്രസീലിയൻ ക്ലബ്ബ് ഫുട്ബോളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും സുപ്രധാന മത്സരങ്ങളില്‍ അവര്‍ക്ക് വേണ്ടി ബുട്ടണിയാൻ പെലെ എത്തുമായിരുന്നു. 1975ല്‍ ന്യൂയോര്‍ക്ക് കോസ്മോസുമായി കരിയര്‍ ഒപ്പിട്ട് ലോകത്തിലേറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോളറായി. ബേസ്ബോളിന് മാത്രം ജനപ്രീതിയുള്ള അമേരിക്കയില്‍ പെലെ എത്തിയതോടെ ഫുട്ബോളിനും ആരാധകരായി. 1977 ഒക്ടോബര്‍ ഒന്നിന് തന്റെ ക്ലബ്ബുകളായ ന്യൂയോര്‍ക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള മത്സരം കളിച്ച് പെലെ കരാര്‍ അവസാനിപ്പിച്ചു. പെലെ കളത്തിലിറങ്ങിയില്ലെങ്കില്‍ ക്ലബ്ബിന്റെ ഫീസ് രണ്ട് മടങ്ങ് കുറയ്ക്കുമെന്ന് സാന്റോസ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടകരുമായി കരാര്‍ ഉണ്ടാക്കിയിരുന്നുവെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തെ ഫുട്ബോള്‍ ലോകം എത്രമാത്രം വിലമതിച്ചിരുന്നുവെന്ന് മനസിലാക്കാം.
വിരമിക്കലിന് ശേഷവും പെലെയുടെ വളര്‍ച്ച തുടര്‍ന്നു. ‘ഞാൻ പെലെ’ എന്ന പുസ്തകം എഴുതിയത് അതിനുശേഷമാണ്. ആ ഇതിഹാസത്തിന് പറയാനുള്ളത് വായിക്കാനായി മാത്രം ലക്ഷക്കണക്കിന് നിരക്ഷരരായ ബ്രസീലുകാര്‍ എഴുതാനും വായിക്കാനും പഠിച്ചു. ഇതിന് പെലെയ്ക്ക് ബ്രസീലിയൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ആദരം നല്‍കുകയും ചെയ്തു.
1,279 ഗോളുകള്‍; മൂന്ന് തവണ ലോകകപ്പ്
ആദ്യമായി ലോകകപ്പിനിറങ്ങിയ 1958ല്‍ മികച്ച യുവതാരം. അവസാന ലോകകപ്പ് ആയിരുന്ന 1970ല്‍ മികച്ച താരം. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തില്‍ ഇടംനേടിയ താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോള്‍ താരവും പെലെയാണ്. 70ലെ ലോകകപ്പില്‍ താൻ കളിക്കുന്നില്ലെന്നാണ് പെലെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ്യവും ജനങ്ങളും അത് സമ്മതിച്ചില്ല. കാരണം, എത്ര പ്രതിഭാധനന്മാര്‍ ടീമിലുണ്ടെങ്കിലും അവര്‍ക്ക് ബ്രസീല്‍ ടീം എന്നാല്‍ പെലെ ആയിരുന്നു. ഒരിക്കല്‍ പോലും ആംബാന്‍ഡ് ധരിച്ച ക്യാപ്റ്റൻ ആയിരുന്നില്ലെങ്കിലും ഗ്രൗണ്ടില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാൻ അദ്ദേഹത്തിനായി. സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള 1363 ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്ന് അദ്ദേഹം നേടിയ 1,279 ഗോളുകള്‍ ഗിന്നസ് റെക്കോഡ് ആണ്. ഇതില്‍ 1959ല്‍ സാന്റോസിന് വേണ്ടി മാത്രം 100 മത്സരങ്ങളില്‍ നിന്ന് 126 ഗോളുകള്‍ നേടി. കരിയറില്‍ 90 കളികളില്‍ മൂന്ന് ഗോളുകളും 30 കളികളില്‍ നാല് ഗോളുകളും നാല് തവണ അഞ്ച് ഗോളുകളും നേടി. വെറുതെയല്ല അദ്ദേഹത്തെ 20-ാം നൂറ്റാണ്ടിന്റെ അത്‌ലറ്റും ഫുട്ബോളറുമൊക്കെയായി തെരഞ്ഞെടുത്തത്.
1958ല്‍ പെലെയുടെ കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റായിരുന്നു ലോകകപ്പ്. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരെ ഹാട്രിക്ക് നേടി. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെ സ്വന്തമാക്കി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തു. 1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.
1971 ജൂലായ് 18ന് റിയോ ഡി ജനീ റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്സിയിലെ അവസാന മത്സരം 1957 മുതല്‍ 1971 വരെ രാജ്യത്തിന് വേണ്ടി കളിച്ച 92 മത്സരങ്ങളില്‍ നിന്ന് നേടിയത് 77 ഗോളുകള്‍. ബ്രസീലിന് വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമെന്ന അദ്ദേഹത്തിന്റെ റെക്കോഡ് ഇനിയുമാരും മറികടന്നിട്ടില്ല. അത്രതന്നെ ഗോളുകളുമായി നെയ്മര്‍ ഒപ്പത്തിനൊപ്പമുണ്ടെന്നതിനാല്‍ ആ റെക്കോര്‍ഡിന് അധികം ആയുസില്ലെന്ന് ഉറപ്പിക്കാം. എന്നാല്‍ നെയ്മര്‍ 77 ഗോളുകള്‍ നേടിയിരിക്കുന്നത് 124 മത്സരങ്ങളില്‍ നിന്നാണെന്നതാണ് വ്യത്യാസം. അന്താരാഷ്ട്ര ഗോള്‍ വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 118 ഗോളുകള്‍ നേടിയിരിക്കുന്നത് 196 മത്സരങ്ങളില്‍ നിന്നാണ്. അതായത് പെലെയേക്കാള്‍ നൂറിലേറെ മത്സരങ്ങള്‍ അധികം കളിച്ചാണ് 41 ഗോളുകള്‍ അധികം നേടിയിരിക്കുന്നത്.