Site icon Janayugom Online

കശ്മീരിലെ പെല്ലറ്റ് തോക്ക് ആക്രമണം; നൂറുകണക്കിനാളുകള്‍ക്ക് കാഴ്ചനഷ്ടമായി

കശ്മീരില്‍ പെല്ലറ്റ് തോക്ക് ആക്രമണത്തിന് ഇരകളായ 80 ശതമാനത്തിലധികം പേര്‍ക്കും ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെട്ടതായി പഠനം. ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിന് ഇരയായ 82.4 ശതമാനം പേര്‍ക്കും ഒരു കണ്ണിന്റേയോ രണ്ട് കണ്ണുകളുടെയുമോ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ പ്രശസ്ത റെറ്റിന സര്‍ജനായ ഡോ. എസ് നടരാജന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പ്രതിഷേധങ്ങളെ ചെറുക്കാന്‍ പ്രദേശവാസികള്‍ക്കു നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.

2016 ജൂലൈ-നവംബര്‍ കാലയളവില്‍ പെല്ലറ്റ് ആക്രമണങ്ങളില്‍ പരിക്കേറ്റ 777 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ജൂലൈ എട്ടിന് തീവ്രവാദി കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്ന് കശ്മീരിൽ വൻ അക്രമങ്ങൾ അരങ്ങേറിയ സമയമായിരുന്നു ഇത്. പെല്ലറ്റ് തോക്ക് ആക്രമണത്തിനിരയായവരില്‍ 94.3 ശതമാനം പേര്‍ക്ക് ഒരു കണ്ണിനും 5.7 ശതമാനം പേര്‍ക്ക് രണ്ട് കണ്ണിനും പരിക്കേറ്റു. ഇരകളായവരില്‍ കൂടുതലും യുവാക്കളാണ്. ശസ്ത്രക്രിയകളടക്കം നടത്തിയിട്ടും ഭൂരിപക്ഷം പേര്‍ക്കും കാഴ്ച ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

അതേസമയം ആശുപത്രിയില്‍ പോയാല്‍ അറസ്റ്റിലാകുമെന്ന് ഭയന്ന് സ്വയം ചികിത്സ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. കശ്മീരിലെ പ്രതിഷേധം ശമിപ്പിക്കാൻ മാരകമല്ലാത്ത മാർഗമെന്ന നിലയിൽ 2010ലാണ് പെല്ലറ്റ് തോക്കുകൾ അവതരിപ്പിച്ചത്. അതിനുശേഷം ആയിരക്കണക്കിന് യുവാക്കൾക്കാണ് പെല്ലറ്റ് തോക്കുകളുടെ വെടിയേറ്റത്. നിരവധി പേർ മരിക്കുകയും ചെയ്തു. ഇരകളാക്കപ്പെട്ടവരില്‍ 18 മാസം പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നു. അടുത്ത് നിന്ന് വെടിവയ്ക്കുന്നതിനാലാണ് പരിക്കുകള്‍ ഗുരുതരമാകുന്നത്. പെല്ലറ്റ് ആക്രമണങ്ങളില്‍ കാഴ്ച നഷ്ടപ്പെടുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും എണ്ണം വര്‍ധിച്ചതോടെ കശ്മീര്‍ ഭരണകൂടം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയമായിരുന്നു. 

Eng­lish Summary:Pellet gun attack in Kash­mir; Hun­dreds lost their sight
You may also like this video

Exit mobile version