Site iconSite icon Janayugom Online

മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് പിഴ

മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡ‍ിക്കല്‍ കോളജുകള്‍ക്ക് പിഴയേര്‍പ്പെടുത്തുമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി). കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ള നിയമപരമായ വ്യവസ്ഥകള്‍, നിയന്ത്രണങ്ങള്‍, മിനിമം മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് പിഴയേര്‍പ്പെടുത്താനാണ് കമ്മിഷന്‍ തീരുമാനം. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ പിഴത്തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നതോടെ കമ്മിഷന്റെ നടപടി വലിയരീതിയിലുള്ള ഫീസ് വര്‍ധനയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

നിലവില്‍ സ്വകാര്യമെഡിക്കല്‍ കോളജിലെ എംബിബിഎസ് പഠനത്തിന് ട്യൂഷന്‍ ഫീസ് ഇനത്തില്‍ ശരാശരി ചെലവാകുന്നത് 60 ലക്ഷം മുതല്‍ 1.15 കോടി രൂപവരെയാണ്. ഹോസ്റ്റല്‍ ചെലവ്, പരീക്ഷ ഫീസ് തുടങ്ങിയവയൊക്കെ ഇതിന് പുറമെ കണ്ടെത്തണം. കൂടുതല്‍ ആവശ്യക്കാരുള്ള പിജി സീറ്റുകള്‍ക്ക് കോടികളാണ് വിലവരുന്നത്. എംഡി റേഡിയോളജിക്ക് രണ്ട് കോടിയിലധികമാണ് ഫീസ്. 

മെയിന്റനന്‍സ് ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ റെഗുലേഷന്‍സ് 2023 പ്രകാരം ചട്ടങ്ങള്‍ പാലിക്കാത്ത കോളജുകളില്‍ നിന്ന് കമ്മിഷന് ഒരു കോടിരൂപവരെ പിഴയിനത്തില്‍ ഈടാക്കാം. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍, വകുപ്പ് തലവന്മാര്‍, സ്ഥാപന മേധാവി തുടങ്ങിയവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപവരെ ഈടാക്കാമെന്നാണ് പുതിയ വ്യവസ്ഥ. 

എന്‍എംസി അല്ലെങ്കില്‍ മറ്റേതെങ്കിലും നിയന്ത്രണ സമിതിക്ക് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കമുണ്ടായാല്‍ മെഡിക്കല്‍ കോളജിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും എല്ലാത്തരത്തിലുള്ള അപേക്ഷകളിലും അഭ്യര്‍ത്ഥനകളിലും സ്വീകരിച്ചുവരുന്ന നടപടി അടിയന്തരമായി നിര്‍ത്തിവയ്ക്കും. കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വാര്‍ഷിക റിപ്പോര്‍ട്ടും (എഡിആര്‍) മറ്റ് രേഖകളും പരിശോധിക്കാനും കമ്മിഷന്റെ നിര്‍ദേശത്തില്‍ പറയുന്നു. 

തെറ്റായ വിവരങ്ങളും രേഖകളും സമര്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമായും കണക്കാക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. മെഡിക്കല്‍ കോളജുകളുടെ അംഗീകാരം താല്കാലികമായി റദ്ദാക്കുക, അഞ്ചുവര്‍ഷത്തേയ്ക്ക് പിന്‍വലിക്കുക, ഒന്നോ അതിലധികമോ കോഴ്സുകളുടെ അംഗീകാരം ഇല്ലാതാക്കുകക തുടങ്ങിവയക്കും എന്‍എംസിക്ക് അധികാരമുണ്ടായിരിക്കും. 

അതേസമയം കോഴ്സുകളുടെ നിലവാരം ഉറപ്പാക്കുന്നതിനും അസമത്വങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം നടപടികള്‍ അനിവാര്യമാണെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെ ബിസിനസായി മാത്രം കാണുന്നവര്‍ക്ക് ഇത് ഫീസ് വര്‍ധിപ്പിക്കാനുള്ള കാരണം മാത്രമേ ആകുന്നുള്ളൂവെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. 

Eng­lish Summary:Penalty for non-com­pli­ant med­ical colleges

You may also like this video

Exit mobile version