Site iconSite icon Janayugom Online

ജനങ്ങൾ കാഴ്ച്ചക്കാരല്ല, കാവൽക്കാർ: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങളെ കാഴ്ചക്കാരാക്കി മാറ്റാതെ കാവൽക്കാരാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മാവേലിക്കരയിലെ കണ്ടിയൂർ ബൈപാസിന്റെ ഉദ്ഘാടനവും ബിഎച്ച്- പി എം ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ എസ് ഇ ബി പവർഹൗസ് റോഡിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

റോഡിലെ കുഴികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതികൾ അറിയിക്കാനായി ആരംഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ പി ഡബ്ല്യൂ ഡി ഫോർ യു ആപ്പിലൂടെ പതിനയ്യായിരത്തിലധികം പരാതികളാണ് ലഭിച്ചത്. ഇതിൽ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും നടപടിയെടുത്തു. മാവേലിക്കര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പുതിയ ബൈപാസ് ഉപകരിക്കും. റെയിൽവേ മേൽ പാലങ്ങൾ, ഫ്ളൈ ഓവറുകൾ, ബൈപാസുകൾ എന്നിവയാണ് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഫലപ്രദമാകുക. ലെവൽ ക്രോസ് ഇല്ലാത്ത കേരളമെന്ന പദ്ധതിയുടെ ഭാഗമായി പ്രധാന പാതകളിൽ 72 റെയിൽവേ മേൽപാലങ്ങൾ നിർമിക്കും- മന്ത്രി പറഞ്ഞു. മാവേലിക്കര കണ്ടിയൂർ ബൈപാസ് 3.75 കോടി രൂപ ചെലവിലാണ് നിർമിച്ചത്.

ബി എം ബി സി നിലവാരത്തിൽ ബി എച്ച് — പി എം ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ എസ് ഇ ബി പവർഹൗസ് റോഡ് നിർമിക്കുന്നതിന് 1.49 കോടി രൂപയാണ് ചിലവിടുന്നത്. ചടങ്ങിൽ എം എസ് അരുൺകുമാർ എം എൽ എ അധ്യക്ഷനായി. മുൻ എം എൽ എ, ആർ രാജേഷ് മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്തു വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ആർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ, വൈസ് ചെയർമാൻ ലളിത രവീന്ദ്രനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ അനി വർഗീസ്, ശാന്തി അജയൻ, ഉദയമ്മ വിജയകുമാർ, സജീവ് പായിക്കര, എസ് രാജേഷ്, നഗരസഭാ അംഗങ്ങളായ കെ ഗോപൻ, പി കെ രാജൻ, സുജാത ദേവി, ഡി തുളസിദാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version