Site icon Janayugom Online

ക്ഷേത്ര പ്രസാദം ആവശ്യപ്പെട്ട ദളിത് കുടുംബത്തെ അക്രമിച്ചു

കര്‍ണാടകയില്‍ ക്ഷേത്രത്തിലെ പ്രസാദം ആവശ്യപ്പെട്ടതിന് ദളിത് ബാലനെയും അതിനെതിരെ പ്രതികരിച്ചതിന് കുടുംബത്തെയും അക്രമിച്ചുവെന്ന് പരാതി. ബംഗളുരുവിന്റെ പ്രാന്തപ്രദേശമായ ദേവനഹള്ളി രാമനാഥപുരയിലാണ് സംഭവം. ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് വീണ്ടും തങ്ങള്‍ക്ക് അക്രമം നേരിടേണ്ടിവരുമെന്ന ഭീതിയില്‍ അക്രമത്തിനിരയായ കുടുംബം സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗവ. സ്കൂള്‍ അധ്യാപകനായ മുനിയാഞ്ചിനപ്പ, ആശാ പ്രവര്‍ത്തകയായ ഭാര്യ അരുണ എന്നിവര്‍ക്കും രണ്ടു മക്കള്‍ക്കുമാണ് ആക്രമണം നേരിടേണ്ടിവന്നത്. രാമനാഥപുരയിലെ ആഞ്ജനേയ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടന്ന ഓഗസ്റ്റ് 14ന്, പ്രസാദം ചോദിച്ചതിന് മകനെ ഉയര്‍ന്ന ജാതിക്കാരനായ കിഷോര്‍ എന്ന യുവാവ് കയ്യേറ്റം ചെയ്തുവെന്നാണ് ഇവരുടെ പരാതി. പിന്നീട് ഇത് ചോദിക്കാന്‍ ചെന്ന മാതാവിനെയും വിവരമറിഞ്ഞെത്തിയ പിതാവിനെയും കിഷോറും ബന്ധുക്കളുമടങ്ങുന്ന ഒരു സംഘം മരത്തടികളുള്‍പ്പെടെ ഉപയോഗിച്ച് അക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ, തങ്ങളുടെ ഭൂമി ഉയര്‍ന്ന ജാതിക്കാര്‍ കയ്യേറിയതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മുന്‍പും തങ്ങള്‍ക്കെതിരെ അക്രമവും ഭീഷണിയുമുണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. കിഷോര്‍, മഞ്ജുനാഥ്, വെങ്കട്ഗൗഡ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry : Peo­ple attacked a dalit fam­i­ly who demand­ed prasadam

You may also like this video;

Exit mobile version