Site iconSite icon Janayugom Online

തദ്ദേശ സ്ഥാപനങ്ങളിൽ ജനം വരുന്നത് ഔദാര്യത്തിനല്ല :മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളിൽ ജനം വരുന്നത് അവരുടെ അവകാശം നേടാനാണ്. വ്യക്തിപരമായ ഔദാര്യത്തിന് വരുന്നവരല്ല അവർ. ഏറ്റവും കൂടുതൽ ജനങ്ങള്‍ ബന്ധപ്പെടുന്ന സ്ഥാപനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്ന ഓർമ്മ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള മുൻസിപ്പൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സംരംഭകർ നാടിന്റെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ ചില കാര്യങ്ങൾക്ക് സമീപിക്കുമ്പോൾ ആരോഗ്യകരമായ സമീപനം ചിലരിൽ നിന്നും ഉണ്ടാകുന്നില്ല. ബുദ്ധിമുട്ടിക്കുന്ന നിലപാട് സ്വീകരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അത് സർവീസിന്റെ ഭാഗമായി ചെയ്യേണ്ടതല്ല. ആ ഉദ്ദേശ്യത്തോടെ കാര്യങ്ങൾ നീക്കിയാൽ ഒരുഘട്ടത്തിൽ പിടിവീഴും. പിന്നീട് ആ കസേരയിൽ ആയിരിക്കില്ല. തുടർന്നുള്ള താമസം എവിടെയായിരിക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്‌പ്രവണത വ്യാപകമായി നിലനിൽക്കുന്നു. അതിൽ നിന്നും എങ്ങനെ മുക്തിനേടാമെന്ന് ഗൗരവമായി ചിന്തിക്കണം. നാടിനെ സേവിക്കാനാണ് വരുന്നവരെ വിഷമിപ്പിക്കാനല്ല ഓരോ ജീവനക്കാരും കസേരയിൽ ഇരിക്കുന്നതെന്ന ചിന്തവേണം. ജീവനക്കാരാകെ ഇത്തരക്കാരല്ല, എന്നാൽ ഇത്തരക്കാർ ഓഫീസിലുണ്ട്. ദീർഘകാലമായി ചില ആവശ്യങ്ങൾക്ക് മുട്ടിയിട്ടും വാതിൽ തുറക്കാത്ത അവസ്ഥയുള്ളത് തിരുത്തണം. നാടിന് സേവനവും തൊഴിലും നൽകുന്ന സംരംഭകരായി എത്തുന്നവരെ നാടിന്റെ ശത്രുക്കളായി കാണരുത്. അവരെ സഹായിക്കുകയാണ് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരുടെ ബാധ്യത. ആളുകളെ ഉപദ്രവിക്കാനല്ല ചുമതല നിർവഹിക്കുകയാണ് വേണ്ടത്. ചെയ്യാൻ പറ്റാത്തവ ചെയ്യേണ്ടെന്നും കഴിയുന്നവയിൽ ഉടക്കിടരുതെന്നും ജനസേവനമാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനും ആവശ്യമായ ധനവും അധികാരവും നൽകാൻ എൽഡിഎഫ് സർക്കാരുകൾ എന്നും പ്രത്യേകം താൽപര്യം കാണിച്ചിട്ടുണ്ട്. പ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധിയുടെ കാലത്ത് ഒരുപാട് കാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഭംഗിയായി നിർവഹിച്ചു. ജീവനക്കാരടക്കം അതിൽ നല്ല പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

eng­lish summary;People do not come to local bod­ies for char­i­ty: CM

you may also like this video;

Exit mobile version