മാധവ് ഗാഡ്ഗിലിനെ പോലുള്ളവരാണ് മലയോര ജനതയുടെ മനസിൽ തീ കോരിയിട്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആരെയും കൊല്ലുകയല്ല, മറിച്ച് ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്.
ഇതു രണ്ടും ലോകത്തിലെ സൃഷ്ടികളാണെന്ന വസ്തുത മറന്നു പോകരുത്. പഴയതിൽനിന്നും വ്യത്യസ്തമായി കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു എന്ന യാഥാർത്ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. അതിനനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്നും ശശീന്ദ്രൻ പറഞ്ഞു. പാലക്കാട് പി ടി 7നെ പിടികൂടാൻ വനംവകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നത്. വന്യമൃഗ ശല്യം ഒഴിവാക്കാൻ വൈത്തിരി മോഡൽ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി വേണമെന്ന് കഴിഞ്ഞ ദിവസം മാധവ് ഗാഡ്ഗിൽ പറഞ്ഞിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നത് മൂലം അവയുടെ എണ്ണത്തിൽ കുറവ് വരില്ല. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകൾ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. യുക്തിസഹമായ വേട്ട സ്കാൻഡനേവിയൻ രാജ്യങ്ങൾ പോലും അനുവദിക്കുന്നുണ്ട്. ഭീഷണിയെങ്കിൽ കൊല്ലുന്നതിൽ തെറ്റെന്താണെന്നാണ് ഗാഡ്ഗിൽ ചോദിച്ചത്.
English Summary:People like Madhav Gadgil set fire to the minds of people: Minister AK Saseendran
You may also like this video