Site iconSite icon Janayugom Online

ഡൽഹിയിൽ ശ്വാസംമുട്ടി ജനങ്ങൾ; വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റ് വലിക്കുന്നതിന് തുല്യം

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ വിഷപ്പുക ശ്വസിക്കുന്നത് ഒരു ദിവസം 8.5 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്. അന്തരീക്ഷം മോശമായ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും എൻ95 മാസ്‌കുകൾ ധരിക്കണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കാൻ നിലവിലെ സാഹചര്യം കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം വടക്കുപടിഞ്ഞാറൻ ജില്ലയായ ബവാനയിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായി രേഖപ്പെടുത്തിയത്. ഇവിടെ വായു ഗുണനിലവാര സൂചിക (എ ക്യൂ ഐ) 378 ആണ്. പുസ (365), രോഹിണി (364), ഐടിഒ, വസീർപൂർ, നെഹ്‌റു നഗർ (360–361) എന്നിവിടങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. ചാന്ദ്‌നി ചൗക്ക്, പഞ്ചാബി ബാഗ് തുടങ്ങിയ ഹൃദയഭാഗങ്ങളിലും സൂചിക 300ന് മുകളിലാണ് തുടരുന്നത്. ഇതിനിടെ, ഡൽഹിയിലെ വായുമലിനീകരണത്തിൽ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ മാപ്പ് പറഞ്ഞു. മുൻ സർക്കാരിന്റെ വീഴ്ചകളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version