Site iconSite icon Janayugom Online

വികസനത്തിനായി ജനങ്ങളെ തെരുവാധാരമാക്കില്ല : മുഖ്യമന്ത്രി

വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന എല്ലാവർക്കും സംതൃപ്തി നൽകുന്ന പുനരധിവാസ പാക്കേജാണ് പൂർത്തിയാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരമാക്കാൻ ഉദ്ദേശിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായി പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാത വികസനത്തിനു കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുപ്പ് വേണ്ടിവന്നു.

ഇതിന്റെ പേരിൽ ആരും വഴിയാധാരമായിട്ടില്ല. കൂടുതൽ സൗകര്യത്തോടെ, ആഗ്രഹിക്കുന്ന കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നുവെന്നതാണ് സ്ഥലം വിട്ടുനൽകിയവരുടെ അനുഭവം. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നാൽ കഷ്ടനഷ്ടം അനുഭവിക്കേണ്ടിവരില്ലെന്നതു നാടിന്റെ അനുഭവമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കാണാതെയുള്ള വികസനമല്ല നടപ്പാക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ലൈഫ് പദ്ധതി.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് ഇത്തരം പദ്ധതികളുടെ ഗുണഫലം വലിയ തോതിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി വീടില്ലാതിരുന്ന മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നതിന്റെ സന്തോഷത്തിലാണ്. സ്വന്തം വീട് എന്നതു ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത സ്വപ്നമെന്നു കരുതിയിരുന്നവർപോലുമുണ്ട് ഇക്കൂട്ടത്തിൽ.

ഇവരിൽനിന്നുയരുന്ന ആത്മവിശ്വാസം സമൂഹത്തിനു വലിയ ഉണർവാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കഠിനംകുളം വെട്ടുതുറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വി ശശി എംഎൽഎ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;People will not take to the streets for devel­op­ment: CM

you may also like this video;

Exit mobile version