Site iconSite icon Janayugom Online

വന്യമൃഗ ശല്യത്തിനെതിരെ ജനകീയ പ്രതിരോധം; മാതൃകയായി വൈത്തിരി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗ ശല്യം വർധിക്കുമ്പോൾ ജനകീയ പ്രതിരോധവുമായി വയനാട്ടിലെ വൈത്തിരി ഗ്രാമപഞ്ചായത്ത്. ജനങ്ങളെ അണിനിരത്തി നടപ്പിലാക്കിയ ജനകീയ ഫെൻസിങ് പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും രാവും പകലും വ്യത്യാസമില്ലാതെ വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ജനകീയ ഇടപെടലിൽ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനകീയ ഫെൻസിങ് നിർമ്മാണം തുടങ്ങിയത്. 

പഞ്ചായത്തിൽ ഏറ്റവും അധികം കാട്ടാന ശല്യമുണ്ടായിരുന്ന ചുണ്ടവയൽ, തളിമല, ചേലോട്, ചുണ്ട ടൗൺ, വട്ടവയൽ തുടങ്ങിയ പ്രദേശങ്ങളിൽ ആനശല്യം തീർത്തും പരിഹരിക്കാൻ കഴിഞ്ഞു. തൊഴിലിടങ്ങളിലും പൊതുനിരത്തുകളിലും കാട്ടാനയുടെ സാന്നിധ്യം പതിവായിരുന്നു. തൊഴിലാളികൾക്ക് ജോലിക്ക് പോകാനും കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാനും കഴിയാത്തതും രോഗാവസ്ഥയിൽ കഴിയുന്നവർക്ക് വാഹനങ്ങൾ പോലും ലഭിക്കാത്ത തുമായ സാഹചര്യമായിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും നാട്ടുകാരും ഒരുമിച്ചതോടെയാണ് ഇതിന് പരിഹാരമായത്. വനാതിർത്തികളിൽ കോടികൾ മുടക്കി നടപ്പിലാക്കുന്ന വൻ പദ്ധതികൾ തുടർസംരക്ഷണ പ്രവർത്തനം ഇല്ലാതെ നോക്കുകുത്തിയാകുന്ന സാഹചര്യത്തിലാണ് വൈത്തിരി ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്തു നടപ്പിലാക്കുന്ന ജനകീയ ഫെൻസിങ് മാതൃകയാകുന്നത്. 

ആദ്യഘട്ടത്തിൽ ചുണ്ട, ആനപ്പാറ റോഡ് മുതൽ തളിമല വരെയുള്ള അഞ്ച് കിലോമീറ്ററാണ് ജനകീയ ഫെൻസിങ് പൂർത്തിയാക്കിയത്. രണ്ടാംഘട്ടത്തിൽ പതിനൊന്ന് കിലോമീറ്റർ ജനകീയ ഫെൻസിങ് പൂർത്തീകരിച്ച് ലക്കിടിയിൽ എത്തിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്ന രീതി വളരെ ചെലവ് കുറഞ്ഞതും ജനങ്ങളുടെ പങ്കാളിത്തത്തിൽ തുടർ സംരക്ഷണം ഉറപ്പുവരുത്തിയതുമാണ്. പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലും സ്ഥിരമായി ജീവനക്കാരെ നിയമിച്ചും നടപ്പാക്കും. 16ന് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ജനകീയ ഫെൻസിങ്ങിന്റെ ഒന്നാംഘട്ട പൂർത്തീകരണത്തിന്റെ ഉദ്ഘാടനം ചുണ്ടേൽ ടൗണിൽ വനം പരിസ്ഥിതി മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ ‑സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

Eng­lish Summary:People’s Defense Against Wildlife Harass­ment; Vaithiri as an example
You may also like this video

Exit mobile version