Site iconSite icon Janayugom Online

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആദ്യം സാധ്യമാക്കിയ കാസര്‍കോഡ് ചെറിയാക്കര വിദ്യാലയത്തിന്റെ വിജയഗാഥ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി

ministerminister

ഒരു വിദ്യാലയത്തിന്റെ വികസനത്തിനായി നാട് മുഴുവന്‍ കൈകോര്‍ത്ത കഥ പങ്കുവച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള കാസർഗോഡ് ചെറിയാക്കര ഗവ. എൽ.പി സ്കൂളിനെ ശിശുസൗഹൃദ വിദ്യാലയമാക്കിയ വിജയഗാഥയാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ശോചനീയാവസ്ഥയിലിരുന്ന വിദ്യാലയത്തിന് ഇപ്പോള്‍ ഹരിത പന്തൽ മുതല്‍ മെഡിക്കൽ ക്യാംപുകൾ വരെയുള്ള സൗകര്യങ്ങളാണ് രക്ഷിതാക്കളും അധ്യാപക- അനധ്യാപക കൂട്ടായ്മകളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2018 ൽ തന്നെ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ വിദ്യാലയം കൂടിയാണ് ചെറിയാക്കര.

മന്ത്രിയുടെ വാക്കുകളിലേക്ക്

 

വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കുമെത്തിയ ജനകീയ മാതൃക തീർത്ത വിദ്യാലയമാണ് കാസർഗോഡ് ചെറിയാക്കര ഗവ. എൽ.പി സ്കൂൾ. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ വീർപ്പുമുട്ടിയ വിദ്യാലയത്തെ ജനകീയ കൂട്ടായ്മയിലൂടെ ശിശു സൗഹൃദ വിദ്യാലയമാക്കിയ വിജയകഥയാണ് ചെറിയാക്കരയുടേത്. പി.ടി.എ കമ്മറ്റി വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ നാടൊന്നടങ്കം ഒപ്പം ചേർന്നു. പൂർവ വിദ്യാർഥി കൂട്ടായ്മകൾ ഉൾപ്പെടെ ശക്തിപ്പെടുത്തി സാമ്പത്തിക സമാഹരണത്തിന് തുടക്കം കുറിച്ചു. പതിനഞ്ച് ലക്ഷത്തോളം രൂപ സമാഹരിച്ചു. ജനപ്രതിനിധികളുടെയും, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായം നേടിയെടുത്തു.
പ്രവേശന കവാടം, ഹരിത പന്തൽ, ജൈവ ഓഡിറ്റോറിയം, ചുമരുകൾ നിറഞ്ഞ ചിത്രങ്ങൾ, ചുറ്റുമതിൽ എന്നിവയെല്ലാം വിദ്യാലയത്തെ അടിമുടി മാറ്റി. മെഡിക്കൽ ക്യാംപുകൾ, ബോധവൽക്കരണ ക്ലാസുകൾ, ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ, പച്ചക്കറി കൃഷി, കുട്ടികൾക്കുള്ള കലാ കായിക പരിശീലനം എന്നിവയെല്ലാം പി ടി എ കമ്മറ്റിയുടെ പ്രവർത്തന മികവിന്റെ അടയാളങ്ങളായി. വിദ്യാലയത്തിലെ സാമൂഹ്യ പങ്കാളിത്തം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച എം.മഹേഷ് കുമാർ ദേശീയ അധ്യാപക അവാർഡ് സ്വന്തമാക്കിയത് മറ്റൊരു നേട്ടമായി. അക്കാദമിക നിലവാരം വർധിപ്പിക്കുന്നതിനായി തയാറാക്കിയ ദർപ്പൺ — മൊബെൽ ആപ്, ഇംഗ്ലീഷ് പഠനത്തിനായുള്ള അലക്സ, ഡിജിറ്റൽ മാഗസിൻ എന്നിവയെല്ലാം ശ്രദ്ധ നേടി. കൊവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകൾ എത്തിച്ചും, പ്രാദേശിക പഠനകേന്ദ്രങ്ങളിലേക്ക് ടെലിവിഷൻ എത്തിച്ചു നൽകിയുമെല്ലാം സ്കൂൾ പി.ടി.എ കമ്മറ്റി സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തി. 2020 ൽ സംസ്ഥാനത്ത് ബെസ്റ്റ് പി ടി എ അവാർഡിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. 2016 ൽ ഒന്നാം ക്ലാസിൽ ഒരു കുട്ടി മാത്രം പ്രവേശനം നേടിയ വിദ്യാലയത്തിൽ ഇന്ന് 85 കുരുന്നുകൾ അക്ഷര മധുരം നുകരുന്നു. 2018 ൽ തന്നെ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ വിദ്യാലയം കൂടിയാണ് ചെറിയാക്കര.
കാസർഗോഡ് ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോൾ വിദ്യാലയ അധികൃതർ കാണാൻ വന്നിരുന്നു. സ്കൂൾ തയാറാക്കിയ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. എം രാജഗോപാലൻ എം എൽ എ, സ്കൂൾ പ്രധാനാധ്യാപിക വി എം പുഷ്പവല്ലി , കയ്യൂർ — ചീമേനി പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കുഞ്ഞിക്കണ്ണൻ, സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ പി ഗോപാലൻ, സ്കൂൾ ലീഡർ കുമാരി. ആത്മിക കെ.വി, സ്കൂൾ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ എം മഹേഷ് കുമാർ എന്നിവർ സംബന്ധിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Exit mobile version