Site iconSite icon Janayugom Online

നിരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ജനപങ്കാളിത്തം അനിവാര്യം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ സിറ്റിസണ്‍ സെന്റിനെല്‍ പോലെയുള്ള മൊബൈല്‍ ആപ്പ് സഹായകമാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കലൂര്‍ ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സിറ്റിസണ്‍ സെന്റിനെല്‍ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും കുറയ്ക്കുന്നതിനും തടയുന്നതിനും പരിശോധന ഇനിയും ശക്തിപ്പെടുത്തും. 

മുന്നില്‍കാണുന്ന കുറ്റകൃത്യങ്ങള്‍ വകുപ്പിന്റെ പുതിയ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഓരോ പൗരനും ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറായി മാറണം. കേരളത്തില്‍ ഇത് ആദ്യമാണ്. വലിയതോതില്‍ കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇത് സഹായിക്കും. വീഡിയോയിലെ കുറ്റകൃത്യം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ പോലെ വിനോദ സഞ്ചാരികള്‍ക്കായി ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് കൊച്ചിയിലും ആവിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ ഇത് നടപ്പില്‍വരുത്താനാണ് ഉദ്ദേശിക്കുന്നത്. 

ഉമാ തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, ടി. ജെ വിനോദ് എംഎല്‍എ, മേയര്‍ എം അനില്‍കുമാര്‍, എന്നിവര്‍ പങ്കെടുത്തു. ഗതാഗതവകുപ്പ് കമ്മീഷണര്‍ സി. എച്ച് നാഗരാജു സ്വാഗതം ആശംസിച്ചു. എന്‍ഐസി ഡയറക്ടര്‍ പ്രദീപ്‌സിംഗ് സിറ്റിസണ്‍ സെന്റിനെല്‍ ആപ്പ് അവതരിപ്പിച്ചു. വീഡിയോ പ്രകാശനം ടി ജെ വിനോദ് എംഎല്‍എ നിര്‍വഹിച്ചു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പിഎസ് പ്രമോദ്ശങ്കര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Exit mobile version