Site iconSite icon Janayugom Online

ജനകീയ പ്രതിരോധം: മുട്ടുമടക്കി ഡല്‍ഹി സര്‍ക്കാര്‍

ജനകീയ പ്രതിരോധത്തിനു മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി സര്‍ക്കാര്‍. കാലഹരണപ്പെട്ട വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാലഹരണപ്പെട്ട വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്നും അവ കണ്ടുകെട്ടണമെന്നുമുള്ള ഉത്തരവാണ് മരവിപ്പിച്ചത്. പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പ് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിര്‍സയാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാലഹരണപ്പെട്ട വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളിലെത്തിയാല്‍ ഇന്ധനം നല്‍കില്ലെന്ന് മാത്രമല്ല കണ്ടുകെട്ടുമെന്നും അതിന്റെ ചെലവ് വാഹന ഉടമകള്‍ വഹിക്കണം എന്നുമാണ് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ കണക്കുപ്രകാരം 60 ലക്ഷത്തില്‍ അധികമാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍.

വാഹനങ്ങളുടെ പഴക്കം കണ്ടെത്തുന്നതില്‍ പമ്പുകളില്‍ സ്ഥാപിച്ച കാമറകള്‍ക്ക് വീഴ്ചയുണ്ടായതിനു പുറമെ മറ്റ് സാങ്കേതിക പ്രതിസന്ധികളും ഉടലെടുത്തു. അതിനാല്‍ തീരുമാനം മരവിപ്പിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പ് മന്ത്രി പരാമര്‍ശിച്ചില്ല. അതേസമയം സര്‍ക്കാര്‍ നടത്തിയത് ട്രയലാണെന്നും നിയന്ത്രണം ദേശീയ തലസ്ഥാന മേഖലയില്‍ ശൈത്യ കാലത്തിന്റെ ആരംഭത്തോടെ നടപ്പാക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. 

Exit mobile version