കാലാവസ്ഥ വ്യതിയാനം മൂലം അടുത്ത വർഷം കുരുമുളക് ഉല്പാദനം വലിയ തോതിൽ കുറയാനിടയുണ്ടെന്ന് കണക്കുകൂട്ടി ഉത്തരേന്ത്യൻ ലോബി കരുക്കൾ നീക്കിയതോടെ വില കുതിച്ചുയരുന്നു. എന്നാൽ, ഈ വിലവർധനവിന്റെ നേട്ടം സാധാരണ കർഷകർക്ക് കിട്ടുന്നുമില്ല.
ഉത്തരേന്ത്യൻ കച്ചവടക്കാരും വൻകിട വ്യാപാരികളും വലിയ തോതിൽ കുരുമുളക് വാങ്ങി സ്റ്റോക്ക് ചെയ്തതോടെയാണ് അടുത്ത കാലത്തെങ്ങും അനുഭവപ്പെടാത്ത വിധത്തിൽ വിലയിൽ കുതിപ്പുണ്ടായതെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. വിപണി നിയന്ത്രിക്കുന്ന അവരാണ് വില ഉയർത്തുന്നതും താഴ്ത്തുന്നതും. ഇക്കുറി മഴയുടെ കാര്യത്തിൽ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റം അടുത്ത വർഷത്തെ ഉല്പാദന ക്ഷാമത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇതിനെ നേരിടാനാണ് കാലേക്കൂട്ടി വൻതോതിൽ കുരുമുളക് വാങ്ങി കുത്തകകൾ സ്റ്റോക്ക് ചെയ്തിട്ടുള്ളത്. ഡൽഹി, ജയ്‌പൂര്‍, ഇൻഡോർ തുടങ്ങിയ കേന്ദ്രങ്ങളിലെ വൻകിട കച്ചവടക്കാർ ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിലവർധിപ്പിക്കാൻ നടത്തിയ ചരടുവലികൾ കുരുമുളകിന്റെ വിലക്കയറ്റത്തിനും കാരണമായതായി റിപ്പോർട്ടുകളുണ്ട്.
വൻകിട മസാലക്കമ്പനികളും ഭാവിയിലെ ക്ഷാമത്തിൽ ആശങ്കപ്പെട്ട് മുൻകൂട്ടി കുരുമുളകിന്റെ വലിയ ശേഖരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളകിനുള്ള വലിയ ഡിമാന്റ് അറിയാവുന്ന കുത്തക കച്ചവടക്കാർ, കൈവശമുള്ള ചരക്ക് വില്പന നടത്താതെ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. അതേസമയം, കൈവശമുള്ള ചരക്ക് സാധാരണ രീതിയിൽ നേരത്തേ വിറ്റുപോയതിനാൽ സാധാരണ കൃഷിക്കാർക്ക് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ ഗുണഫലം ലഭിക്കുന്നുമില്ല. ഉല്പാദനം ഉയർത്തി താഴെ തട്ടിലെ കൃഷിക്കാരെ സഹായിക്കുന്നതിനുള്ള നടപടികൾ സ്പൈസസ് ബോർഡിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിനാണ് പ്രിയവും വിലക്കൂടുതലും. ഒരു ടൺ ഇന്ത്യൻ കുരുമുളകിന്റെ വില 7500 ഡോളറാണ്.
വിയറ്റ്നാം, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കിന് യഥാക്രമം 3500, 3600 ഡോളർ വീതമാണ് വില. ഇവിടെ ഇനിയും വില ഉയരുകയാണെങ്കിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരും എന്നിടത്താണ് വ്യാപാരികൾ.
English Summary: pepper price
You may also like this video

