സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗത്തില്‍ വലഞ്ഞ് അധ്യാപകരും വിദ്യാര്‍ത്ഥികളും. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ദേഹാസ്വാസ്ത്യത്തെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടാക്കിയത് എന്നാണ് പ്രാഥമിക വിവരം. 9 വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുൻപ് ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

