Site iconSite icon Janayugom Online

കാര്‍ഷിക മേഖലയിലെ പേരാമ്പ്ര മോഡല്‍; ഔഷധ ഗുണമുള്ള പേരാമ്പ്ര റൈസിന് പ്രചാരം വര്‍ധിക്കുന്നു

ആദ്യഘട്ടം രണ്ടര ഏക്കറിലായിരുന്നു നെൽകൃഷി. ഉല്പാദിപ്പിച്ച ഔഷധ ഗുണമുള്ള രക്തശാലി ഇനം നെല്ല് അരിയാക്കി പേരാമ്പ്ര റൈസ് എന്ന ബ്രാന്റിൽ വിപണിയിലെത്തിച്ചതോടെ ആവശ്യക്കാരുടെ തിരക്കായെന്ന് പേരാമ്പ്രയിലെ കർഷകനായ രാജൻ കെ പറഞ്ഞു. രണ്ടാം ഘട്ടമായി ജനകീയ കൂട്ടായ്മയിൽ പത്ത് ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പേരാമ്പ്രയിലെ കർഷകരിപ്പോൾ. കാർഷിക മേഖലയും കർഷകരും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ പുതിയ മാതൃകകൾ തീർക്കുകയാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തും പേരാമ്പ്ര കൃഷിഭവനും. കേരളത്തിൽ നിന്നും അന്യം നിന്നുപോകുന്നതും എന്നാൽ വളരെയധികം ഔഷധ ഗുണമുള്ളതുമായ പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കാൻ കൃഷി ഭവനും പഞ്ചായത്തും നടപ്പിലാക്കിയ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയാണ് വലിയ ശ്രദ്ധ നേടിയെടുത്തത്. ആദ്യഘട്ടത്തിൽ അനശ്വര സംഘത്തിന്റെ നേതൃത്വത്തിൽ പേരാമ്പ്ര എടവരാട് പാടശേഖരത്തിലായിരുന്നു പരമ്പരാഗത ജൈവ രീതിയിലുള്ള കൃഷി. 1200 കിലോ രക്തശാലി അരി പേരാമ്പ്ര റൈസ് എന്ന ബ്രാന്റിലായിരുന്നു വിപണിയിലെത്തിച്ചത്. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ വിലയുള്ള രക്തശാലി അരി 200 രൂപയ്ക്കായിരുന്നു കമ്പനി വിൽപന നടത്തിയത്. ജില്ലയിലെ കൃഷി ഭവനുകളിലും സൂപ്പർ മാർക്കറ്റുകളിലും വിൽപ്പനക്കെത്തിച്ച അരിയ്ക്ക് മറ്റു ജില്ലകളിൽ നിന്നും ആവശ്യക്കാരുണ്ടായി. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് ഇത്തവണ അരി അയച്ചതായി കൃഷി ഉദ്യോഗസ്ഥരും കർഷകരും പറയുന്നു. 

രക്തശാലി മാത്രമല്ല പേരാമ്പ്രയിൽ ഉത്പാദിപ്പിക്കുന്ന എല്ലാ ഇനം അരിയും പേരാമ്പ്ര ബ്രാന്റിൽ വിപണിയിലെത്തിക്കാനാണ് തീരുമാനമെന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് പറഞ്ഞു. ഇതിൽ കൂടുതൽ പ്രാധാന്യം പരമ്പരാഗത ഇനങ്ങൾക്ക് നൽകും. പേരാമ്പ്ര റൈസ് ബ്രാൻഡിംഗിന് ശേഷം പേരാമ്പ്രയിലെ കർഷകരെ സംയോജിപ്പിച്ചുള്ള നയമാണ് ഭരണ സമിതി ലക്ഷ്യം വെക്കുന്നത്. ഇതിനായി ലാഭം മുഴുവൻ കർഷകർക്ക് ലഭിക്കുന്ന വിധത്തിൽ കർഷകരുടെ ഉടമസ്ഥതയിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫാർമർ പ്രൊഡ്യൂസർ കമ്പനിയിലൂടെ കർഷകരുടെ ജീവിത നിലവാരം വർധിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ. പരമ്പരാഗത നെല്ലിന് വേണ്ടി മാത്രമായി ഒരു പദ്ധതിയുണ്ടാക്കുന്ന ആദ്യ പഞ്ചായത്തായി പേരാമ്പ്ര മാറുമെന്നും അദ്ദേഹം പറഞ്ഞു. 

1980 ന് മുന്നേ സംസ്ഥാനത്തെ മൊത്തം നെല്ലുത്പാദനത്തിന്റെ എൺപത് ശതമാനത്തിലധികം പരമ്പരാഗതമായ ഇനങ്ങളായിരുന്നു. പിന്നീട് ഇവയുടെ അളവ് കുറഞ്ഞ് ഏഴ് ശതമാനത്തിൽ താഴെയത്തി. 1999–2000 കാലത്ത് അറുപതിലധികം പരമ്പരാഗത നെല്ലിനങ്ങൾ ഉണ്ടായിരുന്ന കേരളത്തിൽ ഇന്ന് പതിനാറോളം ഇനങ്ങളാണ് മാത്രമാണ് പ്രചാരത്തിലുള്ളത്. വിളവ് കുറവാണെന്നതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. എന്നാൽ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് രോഗ പ്രതിരോധ ശേഷിയും ഔഷധ ഗുണങ്ങളും പരമ്പരാഗത നെല്ലിനങ്ങൾക്ക് കൂടുതലാണെന്ന് കർഷകരും കൃഷി വകുപ്പുദ്യോഗസഥരും പറയുന്നു. ആരോഗ്യ രംഗത്തും ദേശീയ അന്തർദേശീയ വിപണികളിലും ഇവയ്ക്ക് ഡിമാന്റ് വളരെ വലുതാണ്. ഈ വിപണി സാധ്യത മുന്നിൽ കണ്ടാണ് കൃഷി ഭവൻ അദ്യ വർഷം രക്തശാലി ഉല്പാദിപ്പിച്ച് പേരാമ്പ്ര റൈസ് എന്ന ബ്രാന്റിൽ വിപണിയിലെത്തിച്ചത്. ബ്രാന്റിങ്ങിലൂടെ പരമാവധി ലാഭം കർഷകർക്ക് തന്നെ എത്തിക്കുകയായിരുന്നു ഭരണസമിതിയുടെയും കൃഷി ഭവന്റെയും ലക്ഷ്യം. പരമ്പരാഗത നെല്ലിൽ ഡോക്ടറേറ്റ് നേടിയ കൃഷി ഭവനിലെ ഉദ്യോഗസ്ഥൻ ഡോ. അഹൽജിത്തിന്റെ പിഎച്ച്ഡി റിസർച്ചിന്റെ ഫലമയാണ് പദ്ധതി നടപ്പിലായത്. കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും നിര്‍ദേശപ്രകാരമാണ് തങ്ങൾ രക്തശാലി ഉല്പാദിപ്പിച്ചതെന്ന് കർഷകർ പറയുന്നു. അതിന്റെ വിപണി സാധ്യതയിലുപരി സാമൂഹികവും പാരിസ്ഥിതികവുമായ പ്രാധാന്യമാണ് തങ്ങളെ ആകർഷിച്ചത്. പ്രതീക്ഷിച്ചതിലുപരി നല്ല വിപണനം നടന്നു. പേരാമ്പ്ര റൈസ് എന്ന ബ്രാന്റിംഗ് പുതിയ വിപണി സാധ്യതകൾ തുറന്നു തന്നിരിക്കുകയാണെന്നും കർഷകർ വ്യക്തമാക്കുന്നു. 

Eng­lish Summary:Perampra Mod­el in Agri­cul­ture; Per­am­bra rice is gain­ing pop­u­lar­i­ty due to its med­i­c­i­nal properties
You may also like this video

Exit mobile version