Site iconSite icon Janayugom Online

ദുലീപ് ട്രോഫിയിലെ പ്രകടനം തുണയായേക്കും;ടി20 ടീമിലേക്ക് സഞ്ജു

ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകുമെന്ന് സൂചന. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളാണ് ഇരു ടീമുകളും കളിക്കുക. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20 മത്സരം. 9,12 തീയതികളിലാണ് അടുത്ത മത്സരങ്ങള്‍. ന്യൂസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ടെസ്റ്റ് പരമ്പരകള്‍ ഉടന്‍ തന്നെ നടക്കാനിരിക്കുന്നതിനാല്‍ ടി20 പരമ്പരയില്‍ റിഷഭ് പന്തിന് ടീം വിശ്രമം നല്‍കിയേക്കും. ഇതോടെ സഞ്ജു സാംസണിനാകും വിക്കറ്റ് കീപ്പറായി നറുക്ക് വീഴുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്.

ഇന്ത്യ ഡിയ്ക്കായി കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നും 196 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നു. ആദ്യ മത്സരത്തില്‍ 5,45 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബിക്കെതിരെ 106,45 റണ്‍സുകള്‍ നേടാന്‍ സഞ്ജുവിനായി. മറ്റൊരു വിക്കറ്റ് കീപ്പര്‍ താരമായ ഇഷാന്‍ കിഷന്‍ 2 മത്സരങ്ങളില്‍ നിന്നും 134 റണ്‍സാണ് നേടിയത്. അതേസമയം ദുലീപ് ട്രോഫിക്ക് പിന്നാലെ സഞ്ജു ഇറാനി ട്രോഫിയിലും കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചുവരെയാണ് ഇറാനി ട്രോഫി. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയുമാണ് ഇറാനി ട്രോഫിയില്‍ നേര്‍ക്കുനേര്‍ വരിക. റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ സഞ്ജു കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 സഞ്ജുവിന് നഷ്ടമാകും. അതല്ലെങ്കില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷനാകും റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം പിടിക്കുക.

Exit mobile version