Site iconSite icon Janayugom Online

യൂട്യൂബിലെ ടൂട്ടോറിയല്‍ വീഡിയോ കണ്ട് ശസ്ത്രക്രിയ നടത്തി; യുവതിക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ യൂട്യൂബിലെ ടൂട്ടോറിയല്‍ വീഡിയോ കണ്ട് വ്യാജ ക്ലിനിക്ക് ഉടമയും ഇയാളുടെ അനന്തരവനും ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ദാരുണാന്ത്യം. മുനിഷ്ര റാവത്താണ് മരിച്ചത്. ക്ലിനിക് ഓപ്പറേറ്ററായ ഗ്യാന്‍ പ്രകാശ് മിശ്ര, ഇയാളുടെ അനന്തരവന്‍ വിവേക് കുമാര്‍ മിശ്ര എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഡിസംബര്‍ അഞ്ചാം തീയതി മുനിഷ്ര കോത്തിയിലെ ശ്രീ ദാമോദര്‍ ഔഷധാലയയിലെത്തിയത്. ഇവര്‍ക്ക് മൂത്രാശയത്തിലെ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു. പരിശോധിച്ച ഗ്യാന്‍ പ്രകാശ് മിശ്ര മൂത്രാശയത്തിലെ കല്ല് കാരണമാണ് വയറുവേദനയെന്നും ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്കായി 25,000 രൂപ ചെലവ് വരുമെന്നും പറഞ്ഞു. ശസ്ത്രക്രിയയുടെ സമയത്ത് ഗ്യാന്‍ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോ കണ്ടശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭര്‍ത്താവ് പരാതിയില്‍ പറഞ്ഞു. 

മുനിഷ്രയുടെ വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുകയും നിരവധി ഞരമ്പുകള്‍ മുറിക്കുകയു ചെയ്തു. ഇതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ക്ലിനിക്കിന് അംഗീകാരമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. 

Exit mobile version