Site iconSite icon Janayugom Online

പെരിന്തൽമണ്ണയിലെ തപാൽ വോട്ട്; ഒരു കെട്ട് കാണാനില്ലെന്ന് റിട്ടേണിങ് ഓഫീസർ

പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ തപാൽ വോട്ടുകളിൽ ഒരുകെട്ട് കാണാനില്ലെന്ന് റിട്ടേണിങ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ടേബിൾ അഞ്ചിൽ എണ്ണിയ പോസ്റ്റൽ ബാലറ്റിലെ ഒരു കെട്ടാണ് കാണാതായത്. ഈ പോസ്റ്റൽ ബാലറ്റ് കൗണ്ട് ചെയ്തുവെന്നതിന്റെ രേഖകൾ കൈവശമുണ്ട്. കൗണ്ടിങ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒപ്പിട്ടതിനും രേഖകളുണ്ട്. 482 ബാലറ്റുകളായിരുന്നു കാണാതായ കെട്ടിലുണ്ടായിരുന്നത്. പോസ്റ്റൽ ബാലറ്റ് കെട്ട് കാണാതായതിൽ വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കളക്ടർ കൂടിയായ റിട്ടേണിങ് ഓഫീസർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

വോട്ട് കാണാതായത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അട്ടിമറി സൂചനയുണ്ടെന്ന് റിപ്പോർട്ടിലില്ല. പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്ന പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്കവിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തിന് ഒടുവിൽ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ പെട്ടി കണ്ടെത്തി.

സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകൾ ചൂണ്ടിക്കാട്ടി 348 സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Eng­lish Sum­ma­ry: perinthal­man­na assem­bly elec­tions return­ing offi­cers report says that one bun­dle of postal bal­lots is missing
You may also like this video

Exit mobile version