Site iconSite icon Janayugom Online

പെരിന്തൽമണ്ണ കേസില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷി ചേർത്തു

പെരിന്തൽമണ്ണയിൽ നിന്ന് മുസ്ലീം ലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. ഏഴ് ദിവസത്തിനകം കമ്മിഷൻ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. 348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർത്ഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ പി എം മുസ്തഫ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം വിജയിച്ചത്.

ഹർജി തള്ളണമെന്നാവശ്യപ്പെട്ട് നജീബ് നൽകിയ തടസ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. പോസ്റ്റൽ വോട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശവും നൽകി. എന്നാൽ, ഇതിന് വേണ്ടിയുള്ള തിരച്ചിലിനിടെ പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ നിന്ന് ബാലറ്റ് പെട്ടി കാണാതായതായി കണ്ടെത്തി. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന പോസ്റ്റൽ ബാലറ്റുകളിൽ 482 ബാലറ്റുകളുടെ ഒരുകെട്ട് കാണാതായെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സബ് കളക്ടർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം ഉപ ഹർജി നൽകിയിട്ടുണ്ട്. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Perinthal­man­na case; The court direct­ed the com­mis­sion to give an expla­na­tion with­in sev­en days

You may also like this video

Exit mobile version