Site iconSite icon Janayugom Online

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികൾ തുറന്ന കോടതിയിൽ പരിശോധിക്കും

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്ന് ഹൈക്കോടതി. അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിശോധന നടത്താനും കോടതി നിർദേശം നൽകി. പോസ്റ്റൽ ബാലറ്റുകളടങ്ങുന്ന പെട്ടികൾ കക്ഷികൾ ഹൈക്കോടതിയിലെത്തി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. എന്നാൽ പെട്ടികൾ തുറക്കാൻ അനുമതി നൽകിയിരുന്നില്ല.

ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ രണ്ട് പെട്ടികളും ഒപ്പമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറും മാത്രമാണ് പരിശോധിക്കാനായത്. പ്ലാസ്റ്റിക് കവറിൽ സിഡിയും പെൻ ഡ്രൈവുമാണ് ഉണ്ടായിരുന്നത്. ഇടത് സ്ഥാനാർത്ഥിയും ഹർജിക്കാരനുമായ കെ പി എം മുസ്തഫയും നജീബ് കാന്തപുരം എംഎൽഎയുടെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും അഭിഭാഷകരും പെട്ടികൾ പരിശോധിക്കാൻ കോടതിയിൽ എത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ഹർജി ഇന്നലെ ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് പരിഗണനക്കെടുത്തപ്പോൾ ബാലറ്റുകളടക്കം പരിശോധിക്കാൻ കക്ഷികൾ അനുമതി തേടുകയായിരുന്നു. 348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുന്നതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കെ പി എം മുസ്തഫ തെരഞ്ഞെടുപ്പ് ഹർജി നൽകിയിരിക്കുന്നത്. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം വിജയിച്ചത്.

Eng­lish Sum­ma­ry: perinthal­man­na elec­tion case
You may also like this video

Exit mobile version