Site iconSite icon Janayugom Online

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; വോട്ടുപെട്ടികളിൽ റിട്ടേണിങ് ഓഫിസറുടെ ഒപ്പില്ല

highcourt,highcourt,

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിങ് ഓഫിസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണോ എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയെന്നും കോടതി ചൂണ്ടിക്കാട്ടി. തുറന്ന പെട്ടികൾ ഹൈക്കോടതി വീണ്ടും സീൽ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ടുപെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോർട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹർജി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. 

348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫ ഹൈക്കോടതിയിലെത്തിയത്. 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. കേസിന്റെ ഭാഗമായി തപാൽ വോട്ട് ഉള്ള പെട്ടികൾ സ്ട്രോങ്ങ് റൂമിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനായി സ്ട്രോങ്ങ് റൂം തുറന്നപ്പോഴാണ് തപാൽ വോട്ട് പെട്ടികളിൽ ഒന്ന് കാണാനില്ലെന്നു വ്യക്തമായത്. പിന്നീട് പെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. നിലവിൽ രണ്ട് ബാലറ്റ്പെട്ടികളിൽ റിട്ടേണിങ് ഓഫിസറുടെ ഒപ്പില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിക്കൂട്ടിലാക്കും.

Eng­lish Summary;Perinthalmanna elec­tion case; There is no sig­na­ture of the Return­ing Offi­cer on the bal­lot boxes

You may also like this video

Exit mobile version