Site iconSite icon Janayugom Online

റമസാൻ ട്രെൻഡായി പെരിപ്പെരി മാങ്ങയും കുലുക്കി സർബ്ബത്തും

പെരിപ്പെരി മാങ്ങയും, കുലുക്കി സർബ്ബത്തും ജില്ലയിലെ ടൗണുകളിൽ രാത്രി കാലങ്ങളിൽ ഇവയുടെ വിൽപ്പന തകൃതിയാവുകയാണ്. റമസാൻ ആരംഭിച്ചതൊടെയാണ് ഇത്തരം താത്ക്കാലിക കച്ചവടങ്ങൾ ടൗണുകളിൽ സജീവമായി കൊണ്ടിരിക്കുന്നത്. ഗൃഹാതുരത്വത്തിൻ്റെ ഓർമ്മകളുമായി നിരവധി പേരാണ് രാത്രിയിൽ ഇവിടങ്ങളിലേക്ക് എത്തുന്നത്. മസാല പുരട്ടിയ വിവിധ രുചികളിലുള്ള മാങ്ങ, ഉപ്പിലിട്ട പഴങ്ങൾ, കുലുക്കി സർബ്ബത്ത് എന്നിവയാണ് പ്രധാന വിഭവങ്ങൾ. കാശ്മീരീ മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മസാല പുരട്ടിയുള്ള പെരിപ്പരി മാങ്ങ പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നതാണ്. കൂടുതൽ ആവശ്യക്കാരുള്ളതും ഈ വിഭവത്തിന് തന്നെ. 

എരിവിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല കാന്താരി മാങ്ങായും. തേനും, പൈനാപ്പിളും ചേർന്നുള്ള ഹണി റോസും ശ്രദ്ധയാകാർഷിക്കുന്ന ഇനം തന്നെ. മസാല പുരട്ടിയ പൈനാപ്പിൾ, ക്യാരറ്റ്, പേരക്ക, പപ്പായ, കക്കിരി എന്നിവയും ഭക്ഷണപ്രിയർക്ക് കണ്ണിന് വിരുന്നാവുകയാണ്. ബൂസ്റ്റ്, പാഷൻ ഫ്രൂട്ട്, പച്ച മാങ്ങ എന്നിവയാണ് കുലുക്കി സർബ്ബത്തിലെ താരങ്ങൾ. ജാറുകളിൽ നിറച്ചിരിക്കുന്ന ഉപ്പിലിട്ട മാങ്ങ, പൈനാപ്പിൾ, പേരക്ക, പപ്പായ എന്നിവയും വൈവിധ്യങ്ങളുടെ കലവറ തീർക്കുകയാണ്. കുലുക്കിക്ക് 50 ഉം മസാല വിഭവങ്ങൾക്ക് 20 ഉം, ഉപ്പിലിട്ടതിന് 10 രൂപയുമാണ് നിരക്ക്. ജില്ലയിൽ ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, തരുവണ, പനമരം എന്നിവിടങ്ങളിലാണ് കടകൾ കൂടുതലുള്ളത്. വലിയ തിരക്കാണ് ഈ കടകൾക്ക് മുന്നിൽ കാണാൻ കഴിയുന്നത്. വേനൽ കൂടി കനത്തത്തോടെ കച്ചവടം പൊടിപൊടിക്കുകയാണ്.

Exit mobile version