സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം നടപ്പാക്കിയപ്പോള്‍ സ്ഥിര യുഎച്ച്ഐഡി രജിസ്ട്രേഷൻ എടുത്തത് 2.62 കോടി പേര്‍. താല്‍ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികമാണ് ചികിത്സ തേടിയത്. 15.27 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. മെഡിക്കല്‍ കോളജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ലാ, ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 512 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, മൂന്ന് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, മറ്റ് അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്.
തിരുവനന്തപുരം 121, കൊല്ലം 45, പത്തനംതിട്ട 27, ആലപ്പുഴ 49, കോട്ടയം 45, ഇടുക്കി 27, എറണാകുളം 83, തൃശൂര്‍ 79, പാലക്കാട് 57, മലപ്പുറം 81, കോഴിക്കോട് 68, വയനാട് 33, കണ്ണൂര്‍ 55, കാസര്‍കോട് 30 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ ഇ ഹെല്‍ത്ത് സംവിധാനങ്ങള്‍.
ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയും. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നുതന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

