Site icon Janayugom Online

ഗ്യാന്‍വാപിയില്‍ പൂജ നടത്തുന്നതിനുള്ള അനുമതി സ്റ്റേ ചെയ്യണം; ആവശ്യം സുപ്രീംകോടതി തള്ളി

ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജനടത്താൻ അനുമതിനൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശനസ്ഥലവും മുസ്‌ലിങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്ന് കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഇരു സമുദായക്കാർക്കും മതപരമായ പ്രാർത്ഥനകൾ നടത്താൻ കഴിയുംവിധം ഗ്യാൻവാപി പരിസരത്ത് തൽസ്ഥിതി നിലനിർത്താനും കോടതി വ്യക്തമാക്കി. മുസ്‌ലിങ്ങൾക്ക് തടസ്സമില്ലാതെ പ്രാർത്ഥന നടത്താൻ സാധിക്കുന്നുണ്ടെന്നും ഹിന്ദുക്കൾ പൂജ അർപ്പിക്കുന്നത് നിലവറയുടെ പരിസരത്ത് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2024 ജനുവരി 31 ലെ ഉത്തരവിനനുസൃതമായി ഹിന്ദുക്കൾക്ക് പൂജ നടത്തുന്നത് തുടരാം. തെക്കുവശത്തു നിന്ന് പ്രവേശിക്കുന്ന ഹിന്ദുക്കൾ നിലവറയിൽ പ്രാർത്ഥിക്കുകയും മുസ്‌ലിങ്ങൾ വടക്കുഭാഗത്ത് നമസ്കരിക്കുകയും ചെയ്യാം. കേസിൽ അന്തിമവിധി വരുന്നത് വരെ ഈ ക്രമീകരണം തുടരണമെന്നും ബെഞ്ച് വ്യക്തമാക്കി. മുസ്‌ലിം കക്ഷികൾ സമർപ്പിച്ച അപ്പീലിൽ മറുവിഭാഗത്തിന്‌ കോടതി നോട്ടീസ് അയച്ചിരുന്നു. ജൂലൈയിൽ വിഷയം പരിഗണിക്കും.

ഗ്യാൻവാപി പള്ളിയിലെ മുദ്രവെച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് വാരാണസി ജില്ലാ കോടതി അനുമതി നൽകിയിരുന്നു.
വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാർ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താൻ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്.

Eng­lish Summary:
You may also like this video

Exit mobile version