Site iconSite icon Janayugom Online

അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന അനുമതി നല്‍കി. നീക്കം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഡല്‍ഹിയിലെ പിന്‍വലിച്ച മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായും കള്ളപ്പണ ഇടപാടുമായും ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കെജ്‌രിവാളിനെ വിചാരണ ചെയ്യണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് ഇഡി അനുമതി തേടി ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷയിലാണ് ഗവര്‍ണര്‍ അനുകൂല തീരുമാനം എടുത്തത്. കേസ് മനോജ് കുമാര്‍ ഓറി അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി അഞ്ചിനാണ് പരിഗണിക്കുക.

അടുത്ത വര്‍ഷം ആദ്യം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന ആരോപണവുമായി എഎപി രംഗത്തെത്തി. കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം കെജ്‌രിവാള്‍ രാജിവച്ചിരുന്നു. എഎപി കണ്‍വീനറായ അദ്ദേഹം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ പ്രഖ്യാപനങ്ങള്‍ നടത്തി വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമം നടത്തുന്നതിനിടെ ലഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനം തിരിച്ചടിയാകും. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിക്കത്ത് പുറത്തു വിടണമെന്ന ആവശ്യവുമായി എഎപി ഇതിനോടകം രംഗത്തെത്തി.

Exit mobile version