Site iconSite icon Janayugom Online

പരേത ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യാന്‍ അനുമതി; ഇന്ത്യയിലാദ്യം

പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരൻ നായരുടെയും ടി കമലത്തിന്റെയും വിവാഹം 53 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി. കല്യാണം കഴിഞ്ഞ് 53 വർഷങ്ങൾക്ക് ശേഷം, പ്രത്യേകിച്ച് പരേതരായവരുടെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നത് രാജ്യത്ത് തന്നെ അപൂർവമാണ്. 1969ലാണ് ഭാസ്കരൻ നായരും കമലവും വിവാഹിതരായത്. മാനസിക വൈകല്യമുള്ള ഏകമകൻ ടി ഗോപകുമാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയതെന്നും മനുഷ്യത്വപരമായ നടപടിയാണിതെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. 

സൈനികനായിരുന്ന അച്ഛന്റെ കുടുംബപെൻഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മകൻ അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ അപേക്ഷ നൽകിയത്. 1969 ജൂൺ നാലിന് കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത് നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 1998ൽ കമലവും 2015ൽ ഭാസ്കരൻ നായരും മരിച്ചു. സൈനിക റെക്കോഡുകളിൽ ഭാസ്കരൻ നായരുടെ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബപെൻഷൻ ലഭിച്ചിരുന്നില്ല. 

വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ രജിസ്ട്രേഷൻ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങൾ രജിസ്ട്രേഷൻ(പൊതു) ചട്ടങ്ങളിൽ പരാമർശിക്കുന്നുണ്ട്. പക്ഷെ, ദമ്പതികൾ രണ്ടുപേരും മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശിക്കുന്നില്ല. വിഷയത്തിൽ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ് തീരുമാനമുണ്ടായത്.

Eng­lish Summary:Permission to reg­is­ter the mar­riage of the deceased
You may also like this video

Exit mobile version