ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി, തങ്ങളുടെ ക്ലൗഡ് സേവനങ്ങൾക്കായി മൈക്രോസോഫ്റ്റുമായി 750 ദശലക്ഷം ഡോളറിന്റെ കരാറിൽ ഒപ്പിട്ടു. മൈക്രോസോഫ്റ്റിന്റെ ‘അസ്യൂർ’ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിനായുള്ള മൂന്ന് വർഷത്തെ കരാറാണിത്. ഇതോടെ, ആമസോൺ വെബ് സർവീസസിനെ മാത്രം ആശ്രയിച്ചിരുന്ന പെർപ്ലെക്സിറ്റി തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുകയാണ്.
മൈക്രോസോഫ്റ്റ് ഫൗണ്ടറി സർവീസ് വഴി ഓപ്പൺ എഐ, ആന്ത്രോപിക്, xAI എന്നിവയുടെ എഐ മോഡലുകൾ ഉപയോഗിക്കാൻ ഈ കരാർ പെർപ്ലെക്സിറ്റിയെ സഹായിക്കും. എന്നാൽ, പുതിയ കരാർ വന്നുവെങ്കിലും തങ്ങളുടെ പ്രധാന ക്ലൗഡ് പങ്കാളിയായി ആമസോൺ തുടരുമെന്നും അവരുമായുള്ള സഹകരണം വരും ആഴ്ചകളിൽ കൂടുതൽ വിപുലീകരിക്കുമെന്നും പെർപ്ലെക്സിറ്റി വക്താവ് അറിയിച്ചു. ഗൂഗിളിനോടും ഓപ്പൺ എഐയോടും വിപണിയിൽ മത്സരിക്കുന്ന പെർപ്ലെക്സിറ്റിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം നിർണ്ണായകമാണ്.
അടുത്തിടെ ഇ‑കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് ആമസോണും പെർപ്ലെക്സിറ്റിയും തമ്മിൽ ചില നിയമതർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് മൈക്രോസോഫ്റ്റുമായുള്ള പുതിയ പങ്കാളിത്തം എന്നതും ശ്രദ്ധേയമാണ്. മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം, കൂടുതൽ എഐ സ്റ്റാർട്ടപ്പുകളെ തങ്ങളുടെ അസ്യൂർ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാൻ ഈ കരാർ കരുത്ത് പകരും.

