Site iconSite icon Janayugom Online

വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം; വ്യവസ്ഥകളില്‍ ആശങ്ക

വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റാ സംരക്ഷണ നിയമത്തിന്റെ എല്ലാ വകുപ്പുകളില്‍ നിന്നും സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഒഴിവാക്കുന്നത് ഉല്‍കണ്ഠ ഉണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ.
2018ല്‍ ആദ്യ കരട് ബില്ല് തയ്യാറാക്കിയത് ജസ്റ്റിസ് ശ്രീകൃഷ്ണയായിരുന്നു. കേന്ദ്ര മന്ത്രിസഭ ഈ മാസം അഞ്ചിന് അംഗീകാരം നല്‍കിയ ബില്ലില്‍ ആധാര്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചാല്‍ വ്യക്തിവിവര നിയമ സംരക്ഷണ ബോര്‍ഡില്‍ പരാതി നല്‍കാൻ അനുമതി നല്‍കുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്ന സാങ്കേതിക വിദഗ്ധര്‍ അടങ്ങിയതാണ് ബോര്‍ഡ്. വ്യക്തി വിവരങ്ങള്‍ ചൂഷണം ചെയ്താല്‍ 500 കോടി രൂപ വരെ പിഴ ഈടാക്കാനാണ് ബില്ലില്‍ നിശ്ചയിച്ചിട്ടുള്ളത്.
സ്ഥാപനങ്ങള്‍ എങ്ങനെ വിവരങ്ങള്‍ ശേഖരിക്കണമെന്നും കൈകാര്യം ചെയ്യണമെന്നും സൂക്ഷിക്കണമെന്നും പ്രതിപാദിക്കുന്നതോടൊപ്പം ആരുടെ വ്യക്തിവിവരങ്ങളാണോ ഉപയോഗിക്കുന്നത് ആ വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ചും ബില്‍ ചര്‍ച്ച ചെയ്യുന്നു. നേരത്തെ കൊണ്ടുവന്ന ബില്ലില്‍ നിരവധി ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടതോടെ പിന്‍വലിക്കുകയായിരുന്നു. ഈ മാസം 20ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മേശപ്പുറത്ത് വയ്ക്കുന്ന ബില്ലില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള വ്യവസ്ഥ ആശങ്കാജനകമാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും വ്യക്തികളുടെ വിവരസംരക്ഷണ മൗലിക അവകാശ സംരക്ഷണത്തിന് കുറച്ച് മാത്രം പ്രാധാന്യം നല്‍കുകയും ചെയ്യുന്നതായാണ് ബില്ലില്‍ കണ്ടെത്താന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത എന്ന മൗലിക അവകാശത്തിനെതിരായി പ്രവര്‍ത്തിക്കാൻ ഭരണനിര്‍വാഹകര്‍ക്ക് അവസരം നല്‍കുന്നു എന്നിടത്ത് തന്നെ ബില്ലിന്റെ അടിസ്ഥാനപരമായ പിഴവുകള്‍ ആരംഭിക്കുന്നു. ബില്‍ നിയന്ത്രിക്കുന്നവര്‍ സര്‍ക്കാരിന്റെ കയ്യിലെ പാവകള്‍ ആയിരിക്കുമെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ സാധിക്കില്ലെന്നും ശ്രീകൃഷ്ണ കുറ്റപ്പെടുത്തി.
2018 കരടില്‍ പ്രതിപാദിച്ചിരുന്ന പോലെ ശക്തവും സ്വതന്ത്രവുമായ ഒരു വിവര സംരക്ഷണ അതോറിട്ടി അനിവാര്യമാണെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ ചൂണ്ടിക്കാട്ടി. യോഗ്യത, കാലാവധി, നിയമന രീതി എന്നിവയെല്ലാം നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ ആയിരിക്കുമെന്നും മുൻ ബില്ലിനെക്കാള്‍ മോശമാണ് ബില്ലെന്നും പൂര്‍ണ ഇളവുകള്‍ നല്‍കുന്നത് പ്രശ്നം പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡിജിറ്റല്‍ അവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.

eng­lish summary;Personal Data Pro­tec­tion Act; Con­cerned with conditions

you may also like this video;

Exit mobile version