Site icon Janayugom Online

വ്യക്തിഗത വിവര സംരക്ഷണ ബില്‍ പിന്‍വലിച്ചു

വ്യക്തിഗത വിവര സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ 2019 ഡിസംബറിലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ബില്‍ പരിഗണിച്ച സമിതി 2021 ഡിസംബര്‍ 16നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബില്ലില്‍ 81 ഭേദഗതികളും 12 ശുപാര്‍ശകളുമാണ് സമിതി നിര്‍ദ്ദേശിച്ചത്. ഇത്രയേറെ ഭേദഗതികളും ശുപാര്‍ശകളും ജെപിസി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ബില്ലിന്റെ പോരായ്കകള്‍ ബോധ്യമായ സാഹചര്യത്തിലാണ് ബിന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.
വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നതും സര്‍ക്കാര്‍ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ഗുണകരമാകാന്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെ ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ശക്തമാണ്.
ആന്റി ഡോപ്പിങ്ങ് ബില്‍ 2022 ഇന്നലെ രാജ്യസഭ പാസാക്കി. ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ആദ്യം രണ്ടു വരെയും പിന്നീട് നാലു വരെയും നിര്‍ത്തിവച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളാണ് പ്രതിഷേധവുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്. രാജ്യസഭയിലും ഈ വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷം അനുമതി തേടിയെങ്കിലും ചെയര്‍മാന്‍ വെങ്കയ്യാ നായിഡു ഇതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് ഭേദഗതി ബില്‍ 2022 ഇന്നലെ ലോക്‌സഭ പാസാക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Per­son­al Infor­ma­tion Pro­tec­tion Bill withdrawn

You may like this video also

Exit mobile version